misra

പാട്ന: മൂന്നു തവണ ബീഹാർ മുഖ്യമന്ത്രിയും രണ്ട് പതിറ്റാണ്ടിലേറെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ സമുന്നത നേതാവുമായിരുന്ന ജഗന്നാഥ് മിശ്ര അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. 82 വയസായിരുന്നു. രോഗബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബീഹാറിലെ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയും ജഗന്നാഥ് മിശ്രയാണ്. കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാർ കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു മിശ്ര. ഉറുദുവിനെ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കി മുസ്ളിം വോട്ട് ബാങ്കിനെ ഒപ്പം നിറുത്തിയ മിശ്ര മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദിനും ജെഡി (യു) നേതാവ് ജഗദീഷ് ശർമയ്ക്കുമൊപ്പം പ്രതിചേർത്ത് മിശ്രയെ നാലു വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ട് റാഞ്ചി കോടതി മിശ്രയെ കുറ്റവിമുക്തനാക്കി.

1975-77, 1980-83, 1989-90 എന്നിങ്ങനെ മൂന്നു തവണയാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്. ഒരു തവണയും അഞ്ചു വർഷ കാലാവധി തികയ്ക്കാനായില്ലെന്ന വൈരുദ്ധ്യവുമുണ്ട്. ബീഹാർ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറായിരിക്കെയാണ് മിശ്ര രാഷ്ട്രീയത്തിലേക്കു വരുന്നത്. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്ന മിശ്രയുടെ സഹോദരൻ ലളിത് നാരായൺ മിശ്ര കൊല്ലപ്പെട്ടതിനെ തുടർന്ന് അപ്രതീക്ഷിതമായാണ് ബീഹാർ മുഖ്യമന്ത്രിയാവുന്നത്. അന്നത്തെ മുഖ്യമന്ത്രി അബ്ദുൾ ഗഫൂറിനെ മാറ്റി ഇന്ദിരാഗാന്ധി മിശ്രയെ സംസ്ഥാനത്തിന്റെ ഭരണമേൽപ്പിക്കുകയായിരുന്നു. എന്നാൽ, രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെ മിശ്ര ഇന്ദിരാ സർക്കാരിന്റെ മൈനിംഗ് പോളിസിയെ അസംബ്ളിയിൽ നിശിതമായി വിമർശിച്ചു. ഇത് ഇന്ദിരയുടെ അതൃപ്തിക്കിടയാക്കുകയും ഒരു മാസത്തിനകം മുഖ്യമന്ത്രി​ക്കസേര തെറിക്കുകയും ചെയ്തു.

1982ൽ വിവാദ ബീഹാർ പ്രസ് ബിൽ പാസാക്കി കോളിളക്കം സൃഷ്ടിച്ചതും ജഗന്നാഥ് മിശ്രയാണ്. പത്ര സ്വാതന്ത്ര്യം ഹനിക്കുന്ന ബില്ലിനെതിരെ ബീഹാറിൽ പത്രസ്ഥാപനങ്ങളുൾപ്പെടെ അടച്ചുള്ള സമരത്തിനൊടുവിൽ മിശ്രയ്ക്ക് ബിൽ പിൻവലിക്കേണ്ടി വന്നു.

പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെ ലാലു പ്രസാദ് ബീഹാറിൽ ശക്തി കേന്ദ്രമായതോടെയാണ് ജഗന്നാഥ് മിശ്രയുടെ കോൺഗ്രസിന്റെയും പ്രഭാവം മങ്ങിയത്. പിന്നീട് കോൺഗ്രസ് വിട്ട് എൻ.സി.പിയിലും ജെ.ഡി.യുവിലും മിശ്ര പ്രവർത്തിച്ചു.

മകൻ നിതീഷ് മിശ്ര ബീഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഭാര്യ വീണ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെ തുടർന്ന് ബീഹാറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.