sreeram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് തിരുവനന്തപുരം ആർ.ടി.ഒ ഒരു വർഷത്തേക്ക് റദ്ദാക്കി. ബഷീറിന്റെ മരണം നടന്ന് 17 ദിവസത്തിന് ശേഷമാണ് നടപടി. അതേസമയം സഹയാത്രികയായ വഫ ഫിറോസിനെതിരെയുള്ള നടപടി വൈകും.

ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം ആർ.ടി ഒ രാവിലെ അറിയിച്ചിരുന്നു. ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയാകേണ്ട കാലതാമസം മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വഫ ഫിറോസിന്റെ കെ.എൽ.1 ബി.എം 360 എന്ന നമ്പറിലുള്ള ഫോക്സ് വാഗൻ വെന്റ കാറാണ് അപകടം ഉണ്ടായ സമയം ശ്രീറാം ഉപയോഗിച്ചിരുന്നത്. അപകടം നടന്നതിന് ശേഷം ഇവരുടെയും ലൈസൻസ് റദ്ദാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് മനപ്പൂർവമായ കാലതാമസമുണ്ടോ എന്ന കാര്യത്തെപ്പറ്റി പരിശോധിക്കാൻ ട്രാൻസ്‌പോർട്ട് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മനപ്പൂർവമായി സംഭവിച്ചതാണെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.