job-issue

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിലൂടെ സർക്കാർ സർവീസിൽ പുനർനിയമനം നേടിയ ഉദ്യോഗസ്ഥന് ഉയർന്ന ശമ്പളത്തോടെ നൽകിയത് 'വെറുതേ ഇരിപ്പ് ' ജോലി. തൊഴിൽവകുപ്പിനു കീഴിലുള്ള കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലെ 'കേരള സ്റ്റേറ്റ് ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഡിസൈനി'ലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ഗിരീഷ് പി.ടിക്കാണ് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിന് സമീപത്തുള്ള 'കെയ്സ് 'ഓഫീസിൽ വെറുതേ ഇരിപ്പ് ശിക്ഷ നൽകിയത്. സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഗിരീഷിനെ 2017-ൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്, അന്ന് കേരള അക്കാഡമി ഒഫ് സ്കിൽസ് എക്സലൻസ് (കെയ്സ്) എം.ഡി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ്. കെയ്സിന് കീഴിലുള്ളതാണ് ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഡിസൈൻ.

ഫാബ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് കോ ഓർഡിനേറ്ററായിരിക്കെയാണ്, 2009-ൽ ഗിരീഷ്, കെ.എസ്.ഐ.ഡിയിൽ 25,400-33,100 ശമ്പളസ്കെയിലിൽ നിയമിതനായത്.

ഇടുക്കിയിലെ വിവാദമായ കൈയേറ്റം ഒഴിപ്പിക്കലിനുശേഷമാണ്‌ ശ്രീറാം വെങ്കിട്ടരാമൻ കെയ്സിന്റെ എം.ഡിയായി എത്തിയത്. ഗിരീഷ് നടപ്പാക്കിയ പല പരിഷ്കാരങ്ങളും ശ്രീറാമിന് ബോധിച്ചില്ല. സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പ്ളമ്പറെയും ഇലക്ട്രീഷ്യനെയും പിരിച്ചുവിടണമെന്ന ആവശ്യവും എറണാകുളത്ത് സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച ഫാഷൻ ഷോയ്ക്ക് ഫണ്ട് കണ്ടെത്തണമെന്ന നിർദ്ദേശവും ഇൻസ്റ്റിറ്റ്യൂട്ടിലെ പഠിതാക്കളുടെ എണ്ണം മൂന്നിരട്ടിയായി കൂട്ടണമെന്ന ആവശ്യവും നടപ്പാക്കാൻ ഗിരീഷ് കൂട്ടാക്കിയില്ല. തുടർന്ന്‌, 2018 ജൂൺ 13 ന് ചേർന്ന കെയ്സ് ഡയറക്ടർ ബോർഡ് മീറ്രിംഗിൽ ഗിരീഷിനെ പിരിച്ചുവിടാൻ തീരുമാനമെടുത്തു. സ്ഥാപനത്തിലെ വനിതാ ഫാക്കൽറ്രിയിൽ നിന്നും വിദ്യാർത്ഥിനികളിൽ നിന്നും ചില പരാതികൾ ലഭിക്കുകയും അന്വേഷണത്തിൽ അത് ശരിയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പിരിച്ചുവിടാൻ ശുപാർശചെയ്യുന്നതെന്നാണ് ശ്രീറാം ബോർഡിനെ അറിയിച്ചത്.

തന്നെ പിരിച്ചുവിട്ട നടപടി ചോദ്യംചെയ്ത് ഗിരീഷ് ഹൈക്കോടതിയിൽ റിട്ട് നൽകി. തുടർന്ന് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ 2019 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചു മാസമായി ഗിരീഷ്‌ 'വെറുതേ ഇരിപ്പ്' ജോലി തുടരുകയാണ്.