( ദുരിതാശ്വാസക്യാമ്പുകളിലെ ജീവിതാവസ്ഥ കണ്ട് രചിച്ച കവിത )
ചുറ്റും കൊടുങ്കാറ്റടിക്കുന്ന വേളയിൽ
ചുറ്റും മഹാമാരി പെയ്യുന്ന വേളയിൽ
മർത്യലക്ഷങ്ങൾ നിലംതൊടാതോടിയും
മൃത്യുവക്ത്രങ്ങൾ തുറക്കും പ്രളയത്തിൽ
ഈ പ്രപഞ്ചം ബീഭൽസ രസങ്ങളാൽ
സത്യവേദത്തെ മുറുകെപ്പിടിക്കവേ
എങ്ങിനെ ഹൃത്തിൽ കനിവിന്നുറവകൾ
വറ്റിയ ജീവിയായ് നീ വസിപ്പൂ സഖേ !
താപമില്ലെങ്കിലും വേണ്ടാ; അനുരാഗ-
താപമില്ലെങ്കിലും വേണ്ടാ; വെറുപ്പിന്റെ
ഘ്രാണം വരുന്നുവോ താവകഹൃത്തിന്റെ
നീരണിയാത്ത അടിത്തട്ടു തോറുമേ !
ദുഃഖമുണ്ടോ ! ദയയുണ്ടോ മനുഷ്യന്റെ
സദ് വിചാരങ്ങൾ എന്തെങ്കിലും കാണുമോ ?
'ഇന്നു ഞാൻ നാളെ നീ" എന്ന മഹാ കാവ്യ-
നൈയ്യാമികം നീ മറന്നുവോ മൽസഖേ !
വേണ്ടാ തുറക്കേണ്ട നിന്റെ ഭണ്ഡാരങ്ങൾ !
വേണ്ട വിതറേണ്ട നിൻ സ്വർണ നാണയം !
വേണ്ടാ ഇറക്കേണ്ട നിൻ സ്വർഗവാഹനം !
വേണ്ടാതീനങ്ങൾ കഥിയ്ക്കാതിരിക്കുമോ ?
ചുറ്റിലും മൃത്യുവിൻ താണ്ഡവമാടവേ
കെട്ടിപ്പിടിയ്ക്കാൻ വരുന്ന സഹജനെ
തട്ടിക്കളയാൻ കരം പൊക്കുമങ്ങതൻ
തത്വശാസ്ത്രം മൃഗങ്ങൾക്കും രുചിയ്ക്കൊലാ !
വറ്റിവരണ്ട ഹൃദയവും ചുറ്റിലും
നർത്തനമാടും പ്രളയവും എങ്ങിനെ
ഒത്തുപോകും ഈ പ്രളയം ഭവാനെയും
ഒക്കത്തിലേറ്റിമറയും സ്മരിക്കുക !
മേഘനാദൻ മഹാമാന്ത്രികൻ അസ്ത്രങ്ങൾ
മേഘകവചത്തിനുള്ളിൽ മറഞ്ഞു നി-
ന്നാരെയും എയ്തു വീഴ്ത്താൻ വരം കൊണ്ടവൻ
ആരും വരില്ല മേഘങ്ങളെ ഭേദിച്ചു
നേരിടാൻ എന്നു നിനച്ചു പോരാടിയോൻ !
എന്തേ നിപതിച്ചനുജബാണങ്ങളാൽ
തൻ കൗശലത്തിൽ മദിച്ചൊരാ സുന്ദരൻ !
സാമൂഹ്യ മാധ്യമം മേഘങ്ങളോ എന്നു
ഭാവിച്ചു നിൽക്കും അതിബുദ്ധി ജീവികൾ
ആരറിയുന്നു അവർതൻ സകലതും
കാണികൾ കണ്ടുരസിക്കുന്നു എന്നതും
മേഘങ്ങൾ വിട്ടു വെളിയിൽ വന്നീടുക
മേഘം മറയെന്നു കാണാതിരിക്കുക !
വായുവേഗത്തിൽ പറന്നു പോം മേഘങ്ങൾ
കാണുന്നു നിങ്ങളെ ഈ മർത്യരാശികൾ
നേരെ വരുന്നുണ്ടു നിങ്ങൾതൻ പാപത്തിൻ
ഘോരശിരസ്സുകൾ എയ്തു വീഴ്ത്തീടുവാൻ !
മാനവരക്ഷ കരുതുന്ന മർത്യരോ
പാടുന്ന ഗീതകം,
'ലോകാസമസ്ത സുഖിനോ ഭവന്തു"
ഘോര പ്രളയകാലത്തുനാം നിങ്ങൾതൻ
നേരേ തൊടുക്കുന്ന ഗാന്ധീവമാണതും
നാളെ പ്രളയം മറയും; പ്രപഞ്ചം
നേരേ ചരിക്കും; മനുഷ്യൻ ചിരിച്ചിടും
പൂവിടും സസ്യങ്ങൾ; നാടാകെ കുഞ്ഞുങ്ങൾ
ഓടിക്കളിച്ചു രസിക്കും ധരണിയിൽ !
ഓടും റെയിലുകൾ ! ആകാശവീഥിയിൽ
വ്യോമയാനങ്ങൾ അലറിപ്പറന്നിടും
നാടാകെ സഞ്ചാര സ്വാതന്ത്ര്യം ഏവർക്കും
ഭീതിയില്ലാത്ത ദിനങ്ങൾ അടുത്തുപോയ്
ഹൃത്തിൽ കനിവിന്നുറവയടഞ്ഞവർ-
ക്കിപ്പോഴുമുണ്ടു സ്നേഹിയ്ക്കാനവസരം !