ജിയോയ്ക്കും ബി.എസ്.എൻ.എല്ലിനും നേട്ടം
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവയിൽ നിന്ന് ജൂലായിൽ കൊഴിഞ്ഞുപോയത് 41.75 ലക്ഷം വരിക്കാർ. അതേസമയം, റിലയൻസ് ജിയോ കഴിഞ്ഞമാസം പുതുതായി 82.6 ലക്ഷം വരിക്കാരെ സ്വന്തമാക്കി. 38.34 കോടി വരിക്കാരുമായി വൊഡാഫോൺ ഐഡിയ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി. ജിയോ 33.12 കോടി വരിക്കാരുമായി രണ്ടാമതും എയർടെൽ 32.03 കോടി വരിക്കാരുമായി മൂന്നാമതുമാണ്.
വൊഡാഫോൺ ഐഡിയയ്ക്ക് മാത്രം കഴിഞ്ഞമാസം 41.45 ലക്ഷം വരിക്കാരെ നഷ്‌ടമായി. എയർടെല്ലിന് 29,883 വരിക്കാരെയും നഷ്‌ടപ്പെട്ടുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിലേക്ക് കഴിഞ്ഞമാസം 2.66 ലക്ഷം വരിക്കാർ പുതുതായി ചേക്കേറി. ജിയോയ്ക്ക് പുറമേ പുതിയ വരിക്കാരെ നേടിയ ഏക കമ്പനി ബി.എസ്.എൻ.എൽ ആണ്.