ശ്രീനഗർ: കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ കാശ്മീരിൽ ഇന്നലെ സ്‌കൂളുകൾ തുറന്നു. എന്നാൽ, കുറച്ചുകുട്ടികൾ മാത്രമാണ് ക്ലാസുകളിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കാശ്മീർ താഴ്‌വരയിൽ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിവന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിനു പിന്നാലെ ഇക്കഴിഞ്ഞ ആഗസ്റ്റ് 5 മുതലാണ് കർശന നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്തിയത്. ഇതിനിടെ നിയന്ത്രണങ്ങൾക്ക് അല്പം ഇളവ് വരുത്തിയിരുന്നെങ്കിലും പ്രതിഷേധങ്ങൾ കനത്തതോടെ ഞായറാഴ്ച മുതൽ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
താഴ്‌വരയിലെ 190 സ്‌കൂളിൽ 95 എണ്ണം മാത്രമാണ് ഇന്നലെ തുറന്നത്. ശ്രീനഗറിലെ മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എത്തിയെങ്കിലും വിദ്യാർത്ഥികൾ എത്തിയില്ല. സാഹചര്യം മെച്ചപ്പെട്ടാൽ പൊതുഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം വ്യക്തമാക്കി. അതേസമയം, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും തടവിലാണ്.
അതേസമയം, കാശ്മീർ താഴ്‌വരയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ഇന്ന് ലോക മാനവിക ദിനമാണെന്നും (ആഗസ്റ്റ് 19) കാശ്മീരിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ട്വിറ്ററിൽ കുറിച്ചു.