photo
അലൻ ദേവ് രാജ്.

കരുനാഗപ്പള്ളി: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സൈക്കിളിലിടിച്ച് സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മരുതൂർക്കുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കേത്തറയിൽ രാജു - സുഗന്ധി ദമ്പതികളുടെ മൂത്തമകനും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുമായ അലൻ ദേവ് രാജാണ് (14) ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മരിച്ചത്. കരുനാഗപ്പള്ളി പുത്തൻചന്ത ചാത്തമ്പള്ളിൽ ഷാനവാസിന്റെ ഭാര്യ അൻഷയാണ് കാറോടിച്ചിരുന്നത്.

ഞായറാഴ്‌ച വൈകിട്ട് ആറരയോടെ കോഴിക്കോട് പുത്തൻചന്തയിലായിരുന്നു സംഭവം. ഷാനവാസ് സ്വന്തം കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന അലൻദേവ് രാജിന്റെ സൈക്കിളിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അലൻദേവിന്റെ ദേഹത്തുകൂടി കാറിന്റെ മുന്നിലെ ടയർ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ കാർ പൊക്കിമാറ്റിയാണ് അലൻദേവിനെ പുറത്തെടുത്തത്. തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌ത മൃതദേഹം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം രാത്രി ഏഴിന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരൻ: അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായ അമൽദേവ് രാജ്.