modi

ശ്രീനഗർ : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളും പ്രതിസന്ധിയിലായി. ജമ്മു കാശ്മീർ വിഭജനബില്ലിലൂടെ കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ അപ്രതീക്ഷിത നീക്കത്തെതുടർന്ന് ഇനിയുള പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനത്തിലെത്താൻ പാർട്ടികൾക്ക് കഴിയുന്നില്ല. വിഘടനവാദികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരാനുള്ള സാദ്ധ്യതകളും പരസ്പരം പാർട്ടികൾ ലയിക്കാനും സാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

ആർട്ടിക്കിൾ 370, 35എ എന്നിവ ഇല്ലാതായതോടെയാണു ജമ്മു കാശ്മീരിനു പ്രത്യേക പദവി നഷ്ടപ്പെട്ടത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കർശനമായ നിയന്ത്രണങ്ങളും വീട്ടുതടങ്കലും ഏർപ്പെടുത്തിയതോടെ പ്രതിഷേധ പരിപാടികൾക്കുപോലും ഇവർക്ക് അവസരം ലഭിച്ചില്ല. വിഘടനവാദികളും രാഷ്ട്രീയക്കാരും എല്ലാം ഭാവികാര്യങ്ങളെപ്പറ്റി ആലോചനയിലാണ്.

ജമ്മു കാശ്മീരിൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ തയാറാകാതിരുന്ന വിഘടനവാദികൾ, ഇന്ത്യയിൽനിന്നു വിട്ടുപോകണമെന്ന ആവശ്യക്കാരായിരുന്നു. 1953ന് മുമ്പുണ്ടായിരുന്ന സ്വയംഭരണാധികാരം തിരികെ തരണം എന്നാണ് ഏറ്റവും പഴക്കമുള്ള പാർട്ടി നാഷനൽ കോൺഫറൻസ് ആവശ്യപ്പെട്ടത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മൃദു വിഘടനവാദത്തിലും മതപരമായ പ്രതീകാത്മകതയിലുമാണ് ഊന്നിയത്. മറ്റു ചെറുപാർട്ടികൾക്കും സമാനമായ നിലപാടുകളാണ്.

പ്രത്യേകപദവി റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളിലേയും പോലെയായി കാശ്മീരും. പ്രാദേശിക പാർട്ടികളുടെ അജൻഡയെല്ലാം പുതിയ കാശ്മീരിൽ അപ്രസക്തമായെന്നുമാണ് പ്രാദേശികമായി ഉയർന്നുവരുന്ന വികാരം.

കേന്ദ്രസർക്കാരിന്റെ നടപടിയിൽ നാഷനൽ കോൺഫറൻസ് പാർട്ടിക്കുള്ളിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണു സൂചനകൾ. ജമ്മു കാശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുല്ല തയ്യാറല്ലെങ്കിലും മകൻ ഒമർ അബ്ദുല്ലയ്ക്ക് വ്യത്യസ്ത നിലപാടാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. മണ്ഡല പുനർനിർണയം കൂടി നടപ്പാക്കുന്നതോടെ ഇൗ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിലുണ്ടാകുന്ന മേൽക്കൈയും നഷ്ടമാകും.

പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ കാര്യവും ഏതാണ്ട് സമാനമാണ്. കുറച്ചുപേർ മാത്രമേ ഇന്ത്യാ വിരുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകണമെന്ന് പാർട്ടിയിൽ ആവശ്യപ്പെടുന്നുള്ളൂ എന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.