car-sales

ന്യൂഡൽഹി: തിരിച്ചടികളുടെ ട്രാക്കിൽ നിന്ന് രാജ്യത്തെ വാഹന വിപണി മെല്ലെ കരകയറുന്നതായി ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) റിപ്പോർട്ട്. ജൂലായിൽ വാഹന വില്‌പന ജൂണിനെ അപേക്ഷിച്ച് അഞ്ചു ശതമാനം വർദ്ധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജൂണിലെ 15.81 ലക്ഷം യൂണിറ്റുകളിൽ നിന്ന് മൊത്തം വാഹന രജിസ്‌ട്രേഷൻ ജൂലായിൽ 16.54 ലക്ഷം യൂണിറ്റുകളായി ഉയർന്നു. ടൂവീലർ നാല് ശതമാനം, ത്രീവീലർ 21 ശതമാനം, പാസഞ്ചർ വാഹനങ്ങൾ ഏഴ് ശതമാനം എന്നിങ്ങനെ രജിസ്‌ട്രേഷൻ വളർച്ച രേഖപ്പെടുത്തി. വാണിജ്യ വാഹന വില്‌പന 19 ശതമാനം കുറഞ്ഞു. 13.32 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. ജൂണിൽ വില്‌പന 12.78 ലക്ഷം യൂണിറ്റുകളായിരുന്നു.

2.28 ലക്ഷം യൂണിറ്റുകളിൽ നിന്ന് 2.43 ലക്ഷം യൂണിറ്റുകളിലേക്ക് പാസഞ്ചർ വാഹന വില്‌പന മെച്ചപ്പെട്ടു. 46,211 യൂണിറ്റുകളിൽ നിന്ന് 55,850 യൂണിറ്റുകളിലേക്കാണ് ത്രീവിലർ വില്‌പന ഉയർന്നത്. വാണിജ്യ വാഹന വില്‌പന 28,478ൽ നിന്ന് 23,118ലേക്ക് കുറഞ്ഞു.