karthik

ചങ്ങനാശ്ശേരി: ചങ്ങനാശേരി-വാഴൂർ റോഡിലെ തെങ്ങണ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ മംഗലത്ത് ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർ (48), കൊല്ലം പുന്നത്ത് നോർത്ത് ഗീതാഭവനിൽ കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ന് തെങ്ങണ ജംഗ്ഷനു സമീപമായിരുന്നു അപകടം. കറുകച്ചാലിലെ റിലയൻസ് ട്രെൻഡ്സ് സ്ഥാപനത്തിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അനിൽകുമാറും മാനേജരായ കാർത്തിക്കും സഞ്ചരിച്ച മാരുതി സെൻ കാറും ചങ്ങനാശേരിയിൽ നിന്ന് മാമ്മൂട്ടിലേക്ക് വരികയായിരുന്ന മാമ്മൂട് മാറാട്ടുകുളം വീട്ടിൽ ആരോൺ പ്രിൻസും പിതാവും സഞ്ചരിച്ച സൈലോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളും എതിർദിശയിലേക്ക് തിരിഞ്ഞു. സെൻ കാർ പൂർണമായും തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രണ്ടു വാഹനങ്ങളിലെയും യാത്രക്കാരെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അനിൽകുമാറിന്റെയും കാർത്തിക്കിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വെളുപ്പിനെ 2.30 ഓടെ മരിച്ചു. ആരോണിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തെത്തുടർന്ന് ക്രെയിൻ കൊണ്ടുവന്നാണ് ഇരുവാഹനങ്ങളും റോഡിൽ നിന്നു നീക്കിയത്. അനിൽകുമാറിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അനുപമ. ഏകമകൾ: നമിത പാലക്കാട് നെഹ്റു കോളേജ് ബിഫാം വിദ്യാർത്ഥിനിയാണ്. മാധുരിയാണ് കാർത്തിക്കിന്റെ ഭാര്യ. ഏകമകൻ: ടിവിൻ (ഒന്നരവയസ്).