adnan-sami

മുംബയ്: ഗായകനും പാക് വംശജനുമായ അദ്നൻ സാമി പാകിസ്ഥാനെതിരെ രംഗത്ത്. പാകിസ്ഥാനിലെ ജനതയ്ക്ക് അവരുടെ ജീവിതം മടുത്തത്തെന്ന് അദ്നൻ പറഞ്ഞു. പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരനായ വ്യക്തിയാണ് അദ്നൻ സാമി. ഇതേതുടർന്ന് പാകിസ്ഥാൻ അദ്നനെതിരെ നിരന്തരമായി രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള സെെബർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അദ്നൻ സാമിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സെെബർ ആക്രമണം നടന്നിരുന്നു. തുടർന്നാണ് പാകിസ്ഥാനെതിരെ ഗായകൻ രംഗത്തെത്തിയത്. 'അവർ അടിസ്ഥാനപരമായി നിസഹായരാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ്. ജീവിതം തന്നെ അവർക്ക് മടുത്തു'-പാകിസ്ഥാൻ ജനതയെ കുറിച്ച് അദ്‌നൻ സാമി പറഞ്ഞു.'ഞാൻ പാക്കിസ്ഥാൻ വിട്ടതുമുതൽ അവർ എന്നെ വേട്ടയാടുകയാണ്. ഞാൻ അവരോട് ക്ഷമിക്കുന്നു. ദൈവം അവരുടെ ജീവിതം മെച്ചപ്പെടുത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.അവർ യഥാർത്ഥത്തിൽ ഇരകളാണ്'- അദ്‌നൻ സാമി കൂട്ടിച്ചേർത്തു.

പാക് പൗരത്വം ഉപേക്ഷിച്ച് സാമിക്ക് 2016ലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. എന്നാൽ പാകിസ്ഥാനിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ ഗായകനെതിരെ നിരന്തരമായ സെെബർ ആക്രണമാണ് ഉണ്ടാകുന്നത്. അത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ വംശജനായ അദ്‌നൻ സാമി ബ്രിട്ടണിലാണ് ജനിച്ചത്.