മുംബയ്: മയക്കുമരുന്ന് കൈവശം വച്ച കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ സജി മോഹൻ കുറ്റക്കാരനെന്ന് കോടതി. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) കോടതിയുടേതാണ് വിധി. സജി മോഹനൊപ്പം അംഗരക്ഷകനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരു പ്രതിയെ കോടതി വെറുതേ വിട്ടു.
പന്ത്രണ്ട് കിലോ ഹെറോയിനുമായി 2009 ലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് സജി മോഹനെ മുംബയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാൻ പോകുന്ന വേളയിലായിരുന്നു അറസ്റ്റ്. അനധികൃതമായി മയക്കുമരുന്നു കൈവശം വച്ച മറ്റൊരു കേസിൽ ചണ്ഡിഗഡ് കോടതി സജി മോഹനെ 13 വർഷം തടവിന് വിധിച്ചിരുന്നു. ഈ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മുംബയ് കേസിലും കുറ്റക്കാരാനാണെന്ന വിധി വരുന്നത്. സജി മോഹനും അംഗരക്ഷകനുമുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സജി മോഹന്റെ അഭിഭാഷകൻ അറിയിച്ചു.