വൈപ്പിൻ : പുതുവൈപ്പ് പടിഞ്ഞാറ് വായനശാലയ്ക്ക് സമീപം മൂന്നംഗ കുടുംബം വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനക്കാരൻ വീട്ടിൽ സുഭാഷ് (52), ഭാര്യ ഗീത (48), മകൾ നയന (23) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. മകളുടെ പ്രണയബന്ധം വീട്ടിലുണ്ടാക്കിയ അസ്വാരസ്യത്തെതുടർന്ന് ജീവനൊടുക്കിയതാണെന്ന് സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിൽ സൂചന. സുഭാഷിന്റെ സഹോദരൻ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെത്തുടർന്ന് വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
നയനയുടെ കൈകൾ മുന്നിൽ കെട്ടിയ നിലയിലും ഗീതയുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലുമായിരുന്നു. എന്നാൽ സുഭാഷിന്റെ കൈകൾ കെട്ടിയിട്ടുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് ഭാര്യയെയും മകളെയും സഹായിച്ച ശേഷംസുഭാഷ് ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. ബി ടെക് ബിരുദധാരിയായ മകൾ നയന ഫോണിൽ പരിചയപ്പെട്ട ഒരാളുമായി പ്രണയത്തിലാണെന്നും ഇവരെ കാണാനില്ലെന്നും ഒരുമാസംമുമ്പ് സുഭാഷ് ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നയന മാറിമാറി താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നയന വീട്ടിൽ എത്തി. ഞായറാഴ്ച രാത്രി 11.30വരെ വീട്ടുകാർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. സഹോദരങ്ങളായ രാജു, സുരേഷ് എന്നിവർക്കും പൊലീസിനും എഴുതിവച്ച കത്തുകളിൽ ഒരുമിച്ച് തീരുമാനമെടുത്ത് ആത്മഹത്യ ചെയ്യുകയാണെന്നും മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും സുഭാഷ് പറയുന്നുണ്ട്.
ഞാറയ്ക്കൽ സി.ഐ എം.കെ. മുരളി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് മുരിക്കുംപാടം അയോദ്ധ്യപുരത്ത് സുഭാഷിന്റെ സഹോദരന്റെ വീട്ടിൽ കൊണ്ടുവരും.
കടുത്ത ദാരിദ്ര്യത്തെ മറികടന്നാണ് നയന ബി.ടെക് ബിരുദം നേടിയത്. കൂലിപ്പണിക്കാരനായിരുന്ന പിതാവ് സുഭാഷ് കുറച്ച് കാലമായി പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിലെ കരാർ തൊഴിലാളിയാണ്. ആസ്ബസ്റ്റോസും പ്ലാസ്റ്റിക് ഷീറ്റും മേൽക്കൂരയാക്കി തട്ടിക്കൂട്ടിയ ചെറിയ ഷെഡിലായിരുന്നു താമസം. മഴയിൽ വീട് വെള്ളക്കെട്ടിലാകും. അമ്മ ഗീത കേരള പടന്ന മഹാസഭയുടെ പ്രവർത്തകയാണ്. പട്ടിക ജാതിയിൽപ്പെട്ട എൻജിനിയറിംഗ് ബിരുദധാരിയായ നയനയ്ക്ക് നല്ല ഭാവി ഉറപ്പായിരുന്നു. എന്നാൽ ഒരു മാസത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെ അതിജീവിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞില്ല.