ന്യൂഡൽഹി : ജമ്മുകാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ ഉലച്ചിൽ വ്യാപാര വ്യവസായ മേഖലകളിലും ബാധകമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ സർക്കാർ. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള എല്ലാം വ്യാപാര ബന്ധങ്ങളും ഉപേക്ഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയിൽ നിന്നുള്ള ചാനലുകളും സിനിമകളും ഉത്പന്നങ്ങളും പരസ്യങ്ങളും കാണരുതെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ ബോളിവുഡ് സിനിമകളുടെ ആരാധകരായ പാകിസ്ഥാനിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വൻ തിരിച്ചടിയാണ്.
സർക്കാർ വിലക്കുണ്ടെങ്കിലും ഇന്ത്യൻ സിനിമ കാണാനുള്ള പുതിയ വഴി തേടുകയാണ് പാക്കിസ്ഥാനികൾ. കഴിഞ്ഞ ഒരു മാസത്തെ ഗൂഗിളിൽ ഏറ്റവും ഇന്ത്യൻ സിനിമ എന്ന് സേർച്ച് ചെയ്തത് പാക്കിസ്ഥാനികളാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ലാഹോർ, കറാച്ചി, റാവൽപിണ്ടി, ഇസ്‌ലാമാബാദ് എന്നീ നഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ സിനിമ എന്ന് കൂടുതലായി തിരഞ്ഞിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് നിരോധിച്ച ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്തവർക്കെതിരെ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിട്ടി നടപടി സ്വീകരിച്ചിരുന്നു. പാകിസ്ഥാനിലെ ടെലിവിഷൻ ചാനലുകളിലും റേഡിയോ നെറ്റ്‌വർക്കുകളിലും ഇന്ത്യയിൽ നിർമിച്ച ഉത്പങ്ങൾക്കായി പരസ്യം സംപ്രേഷണം ചെയ്യുന്നതിനും നിരോധണമുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഇസ്‌ലാമാബാദ് ഇന്ത്യൻ സിനിമകളുടെ സി.ഡി വിൽപന തടയുകയും ടെലിവിഷൻ ചാനലുകളിൽ ഇന്ത്യ നിർമിക്കുന്ന ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നതും നിരോധിച്ചത്.