ടെഹ്റാൻ: കഴിഞ്ഞ ജൂലായ് നാലിന് ജിബ്രാൾട്ടർ തീരത്ത് ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലായ ഗ്രേസ് വൺ ഇന്നലെ യാത്ര തിരിച്ചു. കപ്പൽ വിട്ടു നൽകരുതെന്ന അമേരിക്കൻ മുന്നറിയിപ്പ് ജിബ്രാൾട്ടർ കോടതി തള്ളിയതോടെയാണ് കപ്പൽ മോചിതമായത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ആകെ 24 ജീവനക്കാരുണ്ട്.
ജിബ്രാൾട്ടർ തീരം വിടും മുമ്പ് ഗ്രേസ് വൺ കപ്പലിന്റെ പേര് അഡ്രിയാൻ ഡാര്യ 1 എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രീക്ക് നഗരമായ കലമട്ടയിലേക്കാണ് കപ്പൽ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് വിവരം. ഈ മാസം 25ന് കലമട്ടയിൽ എത്തിച്ചേരും. 2.1 ദശലക്ഷം ബാരൽ എണ്ണയാണ് കപ്പലിലുള്ളത്.
സിറിയയിലേക്ക് അനധികൃതമായി ക്രൂഡ് ഒായിൽ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഗ്രേസ് വൺ പിടിച്ചെടുത്തത്. ഇതിന് പകരമെന്നോണം ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോ ഫോർമുസ് കടലിടുക്കിൽ ജൂലായ് 19ന് ഇറാനും പിടിച്ചെടുത്തിരുന്നു. ബ്രിട്ടീഷ് കപ്പൽ വിട്ടുകൊടുത്തിട്ടില്ല.
ഇറാന്റെ കപ്പൽ ആഗസ്റ്റ് 15ന് ജിബ്രാൾട്ടർ വിട്ടയച്ചിരുന്നു. എന്നാൽ, എതിർപ്പുമായി അമേരിക്ക രംഗത്തെത്തിയതോടെ കപ്പൽ മോചിപ്പിക്കുന്നത് നീണ്ടു. ഒടുവിൽ കപ്പൽ വിടരുതെന്ന യു.എസ് കോടതി ഉത്തരവ് ജിബ്രാൾട്ടർ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് തീരംവിട്ടത്. യു.എസിന്റെ എതിർപ്പ് വകവയ്ക്കാതെ ഇറാൻ കപ്പൽ വിട്ടയ്ക്കാനുള്ള ജിബ്രാൾട്ടർ കോടിയുടെ ഉത്തരവ് ഏകാധിപത്യത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയ്ക്ക് ഇറാന്റെ താക്കീത്
അതേസമയം, ജിബ്രാൾട്ടർ കോടതി മോചിപ്പിച്ച ഗ്രേസ് വൺ വീണ്ടും പിടിച്ചെടുക്കാൻ ഉത്തരവിട്ട യു.എസ് നടപടിക്കെതിരെ ഇറാന്റെ താക്കീത്. ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഔദ്യോഗിക മാർഗങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് താക്കീത് നൽകിയത്. ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തതും ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തതും തമ്മിൽ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ''ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടു മൂന്നു തവണ സമുദ്രാതിർത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തത്. കപ്പൽ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കോടതിയുടെ പരിഗണനയിലാണ്".