mohan-bhagavat

ന്യൂഡൽഹി : പിന്നാക്കക്കാർക്കുള്ള സംവരണം ബി.ജെ.പി സർക്കാർ എടുത്തുകളയുമെന്ന സൂചന നൽകി ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ആർ.എസ്.എസിന്റെ 'ഗ്യാന്‍ ഉത്സവ്' മത്സര പരീക്ഷയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് സംവരണം ഇല്ലാതാക്കാൻ ബി.ജെ.പി സർക്കാർ ആഗ്രഹിക്കുന്നതായി മോഹൻ ഭഗവത് സൂചന നൽകിയത്.

സംവരണത്തിന് അനുകൂലമായവർ സംവരണത്തിന് എതിരെയുള്ളവരെയും തിരിച്ചും പരിഗണിക്കുകയും കേൾക്കുകയും ചെയ്യുകയാണെങ്കിൽ നിയമത്തിന്റെയും ചട്ടങ്ങളുടെയും ഒന്നും സഹായമില്ലാതെ ഒറ്റമിനിട്ടിൽ പ്രശ്നം പരിഹാരിക്കാം. ആ നിമിഷം വരാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഞങ്ങൾ അതിന് ശ്രമിക്കുകയാണെന്നും മോഹൻ ഭഗവത് പറഞ്ഞു.

നേരത്തെ 2015ൽ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും സംവരണത്തിനെതിരെ മോഹൻ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു.

മോഹൻ ഭഗവതിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ദളിത് വിരുദ്ധ മുഖമാണ് മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലെ ട്വീറ്റ് ചെയ്തു. ഭരണഘടന തിരുത്തി പാവങ്ങൾക്കുള്ള സംവരണം ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ആർ.എസ്.എസ് രംഗത്തെത്തി. സർസംഘ് ചാലകിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സംഘടനയെ ആക്രമിക്കുകയാണെന്നും ആർ.എസ്.എസ് വ്യക്തമാക്കി. ദളിത്, പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണത്തിന് ആർ.എസ്.എസ് അനുകൂലമാണെന്ന് ആർ.എസ്.എസ് വക്താവ് അരുൺകുമാർ വ്യക്തമാക്കി.