ബേസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന തുടക്കം. ഇന്നലെ നടന്ന പുരുഷ സിംഗിൾസുകളിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ്യും, സായ് പ്രണീതും, കെ.ശ്രീകാന്തും തകർപ്പൻ ജയവുമായി രണ്ടാം റൗണ്ടിലെത്തി. വനിതാ ഡബിൾസിൽ ഇന്ത്യൻ ജോഡികളായ മേഘ്ന ജക്കംപുടി -പൂർവിഷ എസ്.റാം സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ സിംഗിൾസിൽ ഫിൻലൻഡ് താരം എറ്റു ഹെയ്നോയ്ക്കെതിരേ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ പ്രണോയ് അടുത്ത രണ്ട് ഗെയിമിലും തകർപ്പൻ പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 17-21, 21-10, 21-11. പ്രണോയ്യെ വിറപ്പിച്ച് തുടങ്ങിയ ഹെയ്നോ 17നെതിരെ 21 പോയിന്റുകൾക്ക് ആദ്യഗെയിം നേടി.
എന്നാൽ പതറാതെ പോരാടിയ പ്രണോയ് രണ്ടാം ഗെയിമിൽ ആദ്യ സർവ് മുതൽ ലീഡ് നിലനിറുത്തി മുന്നേറിയതോടെ ഫിൻലൻഡ് താരം പ്രതിരോധത്തിൽ ആവുകയായിരുന്നു. വെറും 21-10ന് പ്രണോയ് ആ ഗെയിം നേടി. മൂന്നാം ഗെയിമും ഫിൻലൻഡ് താരത്തിന് വലിയ അവസരങ്ങൾ നൽകാതെ 21-11 ന് സ്വന്തമാക്കി പ്രണോയ് വിജയ മുറപ്പിക്കുകയായിരുന്നു. 34 മിനിട്ടിൽ മത്സരം അവസാനിച്ചു.
19-ാം റാങ്കുകാരനായ സായ് പ്രണീത് കനേഡിയൻ താരം ജേസൺ ആന്റണിക്കെതിരെ അനായാസ ജയമാണ് സ്വന്തമാക്കിയത്. നേരിട്ടുള്ള ഗെയിമുകളിൽ 21-17, 21-16നായിരുന്നു സായ്യുടെ ജയം. ഐറിഷ് യുവതാരം താരം നഹത് എൻഗുയനെതിരെ കെ.ശ്രീകാന്ത് തുടക്കത്തിൽ വിറച്ചെങ്കിലും വിജയം കൈവിട്ടില്ല. ആദ്യ ഗെയിം 17-21ന് നഷ്ടപ്പെടുത്തിയ ശ്രീകാന്ത് 21-16, 21-6 ന് യഥാക്രമം രണ്ടും മൂന്നും ഗെയിമുകൾ നേടി രണ്ടാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു. വനിതാ ഡബിൾസിൽ മേഘ്ന-പൂർവിഷ ജോഡി ഗ്വാട്ടിമാല സഖ്യമായ ഡയാന കോർലിറ്റോ- നിഖിതെ സോട്ടോമേയർ ജോഡിക്കെതിരെ 21-10, 21-18നാണ് ജയിച്ചത്. 28 മിനിട്ടിൽ മത്സരം അവസാനിച്ചു. പുരുഷ വിഭാഗത്തിൽ ഒന്നാം സീഡായ ജപ്പാന്റെ കെന്റോ മൊമോട്ട, മൂന്നാം സീഡ് ചൈനയുടെ ചെംഗ്ലോംഗ്എന്നിവരും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.