മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയത്തുടക്കം. പ്ലേമേക്കർ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് കുടിയേറിയെങ്കിലും അത് തങ്ങളെ ബാധിച്ചില്ലെന്ന് തെളിയിച്ചാണ് ഗെറ്രാഫെയ്ക്കെതിരായ ആദ്യ ലാലിഗ മത്സരത്തിൽ അത്‌ലറ്റിക്കോ ഏകപക്ഷിയമായ ഒരു ഗോളിന്റെ വിജയം നേടിയത്. സ്പാനിഷ് താരം അൽവാരൊ മൊറാട്ടയാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്. അത്‌ലറ്രിക്കോയുടെ റെനാൻ ലോധിയും ഗെറ്രാഫെയുടെ ജോർഗെ മോളിന വിദാലും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തുപേരുമായാണ് ഇരുടീമും മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയിൽ അത്‌ലറ്രിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മൊറാട്ട നഷ്ടപ്പെടുത്തി. മൊറാട്ടയുടെ ഷോട്ട് ഗെറ്രാഫെ ഗോളി സോറിയ സേവ് ചെയ്ത്. 23-ാം മിനിറ്രിൽ പുതിയ സൈനിംഗ് കീറൺ ട്രിപ്പിയറുടെ ക്രോസിൽ നിന്നാണ് ഹെഡ്ഡിംഗിലൂടെ മൊറാട്ട അത്‌ലറ്റിക്കോയുടെ വിജയ മുറപ്പിച്ച ഗോൾ നേടിയത്. മറ്രൊരു പുത്തൻ സൈനിംഗ് കൗമാര താരം ജോവോ ഫെലിക്സും അത്‌ലറ്രിക്കോയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ജയിക്കാതെ ലാംപാർഡ്
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചെൽസിയുടെയും അവരുടെ പുതിയ കോച്ച് ഫ്രാങ്ക് ലാംപാർഡിന്റെയും വിജയത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല.
ഇന്നലെ നടന്ന മത്‌സരത്തിൽ അവർ ലെസ്റ്റർ സിറ്റിയോട് 1-1ന്റെ സമനിലയിൽ പിരിഞ്ഞു.
ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു 1-4ന്റെ വലിയ തോൽവി അവർ ഏറ്റുവാങ്ങിയിരുന്നു.
ഹോംഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിൽ
മേസൺ മൗണ്ടൻ ചെൽസിയെ മുന്നിലെത്തിച്ചു.
67ാം മിനിറ്റിൽ എൻഡിഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു.
മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു.