മുംബയ്: കഭി കഭി മേരേ ദിൽമേം എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ ഖയ്യാം (92) അന്തരിച്ചു. മുഹമ്മദ് സഹൂർ ഖയാം ഹാഷ്മി എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മുംബയ് ജൂഹുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രി ഒമ്പതരയോടെയായുരുന്നു അന്ത്യം. ജൂലായ് 28നാണ് ഖയ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായിക ജഗ്ജിത് കൗറാണ് ഭാര്യ.
കഭി കഭി, ഉമ്രാവോ ജാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഖയ്യാം ശ്രദ്ധ നേടിയത്. അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ ഖയാം ഈണമിട്ട കഭീ കഭീ മേരേ ദിൽ മേം എന്ന ഗാനം ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനമാണ്. രേഖ, നസറുദ്ദീൻ ഷാ തുടങ്ങിയവർ അഭിനയിച്ച ഉമ്രാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയർ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.
1943ൽ ലുധിയാനയിൽ 17-ാം വയസിലായിരുന്നു ഖയാമിന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. 1953ൽ ഫുട്ട്പാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ൽ പുറത്തിറങ്ങിയ ഷോല ഔർ ഷബ്നം എന്ന ചിത്രത്തിലെ സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1981ൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച് ഉമ്രാവോ ജാൻ എന്ന എക്കാലത്തെയും ബോളിവുഡ് ഹിറ്റ് ചിത്രം അദ്ദേഹത്തെ കരിയർ മാറ്റിക്കുറിച്ചു. ഖയ്യാമിന്റെ കിരീടത്തിലെ പൊൻതൂവലായാണ് ഈ ചിത്രത്തിലെ ഗാനങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ആ വർഷത്തെ ദേശീയ അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഖയ്യാമിനെ തേടിയെത്തി. 2016ൽ സംഗീതസംവിധാനം നിർവഹിച്ച ഗുലാം ബന്ധു ആണ് അവസാന ചിത്രം.
'കഭീ കഭീ'യിലെ 'കഭീ കഭീ മേരേ ദിൽ മേ', 'തേരെ ചെഹ്‍രേ സേ' 'ബസാറി'ലെ 'ദിഖായി ദിയേ ക്യോം', 'നൂറി'യിലെ 'ആജാ രേ', , ഉമ്രാവോ ജാനിലെ 'ആംഖോൻ കി" തുടങ്ങി ഖയ്യാമിന്റെ അനശ്വര ഗാനങ്ങൾ നിരവധിയുണ്ട്.
സംഗീത നാടക അക്കാദമിയുടെ ലൈഫ് ടൈം അവാർഡ് 2007-ൽ ഖയ്യാമിനായിരുന്നു. 2011-ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു
2016 ൽ ഖയ്യാമും അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ ജഗ്ജിത് കൗറും ചേർന്ന് ഖയ്യാം ജഗ്ജിത് കൗർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഒരു സംഘടനയുണ്ടാക്കി. തങ്ങളുടെ മുഴുവൻ സ്വത്തും ബോളിവുഡ് സിനിമയിലെ വളർന്നുവരുന്ന കലാകാരൻമാർക്കും സാങ്കേതികവിദഗ്ധർക്കും വേണ്ടി തങ്ങളുടെ സ്വത്ത് മുഴുവൻ ഈ ട്രസ്റ്റിന് അവർ സംഭാവന നൽകി.