പൂനെ : പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന കാശ്മീരിൽ തിരികെയെത്താനാകാതെ വിഷമിച്ച 32 വിദ്യാർത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ച് സിക്ക് വംശജർ. പൂനെയില്‍ പഠിക്കുന്ന 32 കാശ്മിരി പെൺകുട്ടികളെയാണ് സുരക്ഷിതരായി കാശ്മീരിലെ അവരവരുടെ വീടുകളിൽ എത്തിച്ചത്. സിക്ക് വംശജരുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാശ്മീർ താഴ്‍വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പരിഭ്രാന്തരായ വിദ്യാർത്ഥിനികൾ പൂനെയിലെ സിക്ക് ഗുരുദ്വാര കമ്മിറ്റിയെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സിക്ക് ഗുരുദ്വാര പ്രവർത്തകർ ഹോസ്റ്റലുകളിൽ നിന്ന് പെൺകുട്ടികളെ എല്ലാവിധ സുരക്ഷയോടെയും ഡൽഹിയിലേക്ക് പോകാനാവശ്യമായ ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ഡൽഹിയിലെത്തിയ വിദ്യാർത്ഥിനികളെ അവിടുത്തെ സിക്ക് ഗുരുദ്വാര പ്രവർത്തകർ സ്വീകരിച്ച് ശ്രീനഗർ വരെ അനുഗമിക്കുകയും ചെയ്തു.
പെൺകുട്ടികൾ അവരുടെ കാശ്മീരിലെ വീടുകളിൽ സുരക്ഷിതരായി എത്തിചേർന്നെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് സിക്ക് പ്രവർത്തകരായ ‘സേവാദാർസ്’ തിരികെ ഡൽഹിക്ക് പോന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥിനികൾ വീട്ടിലെത്തിയതിന് ശേഷം സിക്ക് പ്രവർത്തകനായ വ്യക്തി എടുത്ത് വീഡിയോയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.