തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഇരട്ടി വിസ്തൃതിയിലാണ് ഔട്ടർ റിംഗ് റോഡിന് ഇരുവശത്തുമായി തലസ്ഥാനത്തിന് ഉപഗ്രഹ നഗരം ഉയരുന്നത്. ഡൽഹിക്ക് ഗുഡ്ഗാവ് എന്നപോലെ, 214ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള തലസ്ഥാനത്തിന് 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉപഗ്രഹനഗരം.
വ്യാപാരകേന്ദ്രങ്ങളും ജനവാസ മേഖലകളും മാളുകളും ആശുപത്രികളും വ്യവസായ കേന്ദ്രങ്ങളുമടങ്ങുന്ന ഉപഗ്രഹനഗരത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കാനുള്ള കൺസൾട്ടന്റിനെ നിയമിക്കാൻ ടെൻഡർ വിളിച്ചു. തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായാണ് 25,000കോടി ചെലവിൽ തലസ്ഥാനത്തിന് ഉപഗ്രഹനഗരം ഉയരുന്നത്. വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെ 80കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിംഗ് റോഡിന് ചുറ്റുമായാണ് പുതിയ നഗരം.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉപഗ്രഹനഗരം വരുന്നത്. നഗരത്തിന്റെ നട്ടെല്ലുപോലെയാണ് ഔട്ടർ റിംഗ് റോഡ്. അഞ്ച് ഏക്കർ മുതലുള്ള നിരവധി വികസന സോണുകളാവും നഗരത്തിലുണ്ടാവുക. നഗരാസൂത്രണത്തിനും സ്ഥലംകണ്ടെത്താനും വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും പദ്ധതിച്ചെലവ് കണ്ടെത്താനുള്ള മാർഗങ്ങൾ ശുപാർശചെയ്യാനുമുള്ള ചുമതല മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന കമ്പനിക്കാവും. ലാൻഡ് പൂളിംഗിനുള്ള കരട് നയം തയ്യാറാക്കുന്നതും ഇവരാവും. ആഗോളതലത്തിൽ പ്രശസ്തരായ ആർക്കിടെക്ടുമാർ, നഗരാസൂത്രണ സ്ഥാപനങ്ങൾ, ദേശീയ-അന്തർദേശീയ എൻ.ജി.ഒകൾ എന്നിവയെല്ലാം ചേർന്നാവും തലസ്ഥാനത്തിന്റെ ഉപഗ്രഹനഗരം ഒരുക്കുക.
മാസ്റ്റർപ്ലാനിന്റെ ഭാഗമായി ഉപഗ്രഹനഗരത്തിനും റോഡിനും ഹെലികോപ്ടറോ ഡ്രോണോ ഉപയോഗിച്ച് ആകാശ സർവേ നടത്തും. ഏറ്റെടുക്കേണ്ട സ്ഥലം, വൈദ്യുതി, സ്വീവറേജ്, കുടിവെള്ള പ്ലാന്റുകൾ എന്നിവയെല്ലാം സർവേയിൽ കണ്ടെത്തണം. നിലവിലുള്ള റോഡുകൾ, ഡ്രെയിനേജ്, വൈദ്യുതി ലൈനുകൾ, പാർപ്പിട മേഖലകൾ, തുറമുഖങ്ങൾ, വിമാനത്താവളം, ദേശീയപാത, റെയിൽവേ, ജലപാതകൾ എന്നിവയുടെ അതിർത്തികൾ സഹിതം ഡിജിറ്റൽ മാപ്പുണ്ടാക്കണം. പുതിയ നഗരത്തെ ദേശീയ ജലപാതയുമായും നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽവേ ഇടനാഴിയുമായും ലൈറ്റ്മെട്രോയുമായും മലയോര ഹൈവേയുമായും ബന്ധിപ്പിക്കും. അടുത്ത 30വർഷത്തെ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ട് ഏറ്റവും മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗരത്തിന്റെ നിർമ്മാണം. താമസ, വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങൾ എവിടെയൊക്കെയാവണമെന്ന് മാസ്റ്റർപ്ലാനിലുണ്ടാവും.
ദേശീയപാതാ അതോറിട്ടിക്കാണ് 80കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർറിംഗ് റോഡിന്റെ നിർമ്മാണച്ചുമതല. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാൽ മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. വിഴിഞ്ഞം ബൈപാസിൽ നിന്നു തുടങ്ങി വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തീക്കട, തെമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴിയാണ് ഔട്ടർ റിംഗ് റോഡ്. വേങ്കോടു നിന്ന് മംഗലപുരം ദേശീയപാതയിലേക്ക് നിർമ്മിക്കുന്ന ലിങ്ക് റോഡ് കരകുളം, വെമ്പായം, പോത്തൻകോട്, ആണ്ടൂർക്കോണം വില്ലേജുകൾ വഴി കടന്നുപോകും. കേന്ദ്ര സർക്കാരിന്റെ കാപിറ്റൽ റീജിയണൽ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഔട്ടർ റിംഗ് റോഡ്. വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെ 70 മീറ്റർ വിസ്തൃതിയിൽ ആറുവരിപ്പാതയാണ് വരുന്നത്. ആദ്യം നാലുവരിയാവും നിർമ്മിക്കുക. ഇരുവശത്തും 10 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. റോഡ് നിർമ്മാണത്തിന് 500 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കണം. 2829 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനുള്ള ചെലവ്. ഇതിൽ പകുതി തുക (1414.5 കോടി) സംസ്ഥാനം മുൻകൂറായി കേന്ദ്രത്തിന് നൽകണം. ഇതുമാത്രമാണ് റോഡ് പദ്ധതിയിൽ സർക്കാരിനുള്ള മുടക്ക്. ഭൂമിയേറ്റെടുക്കേണ്ട സ്ഥലങ്ങളിൽ എൽ ആൻഡ് ടി എൻജിനിയറിംഗാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്. ഔട്ടർറിംഗ് റോഡിന്റെ നിർമ്മാണ ചെലവ് 4868 കോടിയാവും.
24 മണിക്കൂറും ലൈവ്
രാപ്പകൽ ഭേദമില്ലാതെ 24മണിക്കൂറും പ്രവർത്തിക്കുന്ന നഗരമായിരിക്കും പുതുതായി വരിക. താമസം, ജോലി, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ, ഐ.ടി, വിനോദം, കായികം, ടൂറിസം മേഖലകളിലെല്ലാം 24മണിക്കൂറും പ്രവർത്തിക്കും. കർശന സുരക്ഷാസംവിധാനങ്ങളുമുണ്ടാവും. ടൗൺഷിപ്പുകളും എട്ട് സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാൻസ്പോർട്ട് സോണുകളുമുണ്ടാവും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലകളായി ഇവ മാറുന്നതോടെ വൻവളർച്ചയുള്ള നഗരമായി തലസ്ഥാനം മാറും.
പണം എവിടെ നിന്ന്
ഇത്രയും വലിയൊരു നഗരവികസന പദ്ധതി സംസ്ഥാനത്താദ്യമാണ്. 25000കോടി ചെലവെന്നത് പ്രാഥമിക എസ്റ്റിമേറ്റ് മാത്രമാണ്. അന്തിമഘട്ടത്തിൽ ഇ നിയും കൂടാം. വിദേശസഹായമായും വിദേശ വായ്പയായും സ്വകാര്യ പങ്കാളിത്തമായും പൊതു-സ്വകാര്യ പങ്കാളിത്തമായുമെല്ലാം പണം കണ്ടെത്തും. പത്തു തരം മാർഗ്ഗങ്ങളിലൂടെ ഉപഗ്രഹനഗരത്തിന് പണം കണ്ടെത്താനാണ് ശ്രമം. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയെല്ലാം പണം കണ്ടെത്താമെന്ന് മാസ്റ്റർപ്ലാനിലുണ്ടാവും. സ്വകാര്യ പാർപ്പിട സമുച്ചയ കേന്ദ്രങ്ങൾക്ക് സർക്കാർ ഭൂമിയേറ്റെടുത്ത് നൽകുകയോ പാട്ടത്തിന് നൽകുകയോ ചെയ്യില്ല. ഉപഗ്രഹനഗരത്തിൽ പൂർണമായും സ്വകാര്യനിക്ഷേപത്തിലായിരിക്കും പാർപ്പിട സമുച്ചയങ്ങൾ ഉയരുക.