തിരുവനന്തപുരം: പട്ടം സെന്റ്മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കാതെ സുരക്ഷിതമായി സ്കൂളിലെത്താൻ സഹായകരമാകുന്ന പട്ടത്തെ ഫുട്ഓവർ ബ്രിഡ്ജ് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് നിർമ്മാണ കമ്പനിയുടെ ഉറപ്പ്. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ എല്ലാം കൃത്യമായി നടക്കുമെന്ന് സൺ ഇൻഫ്രാ കമ്പനി വൃത്തങ്ങൾ പറഞ്ഞു.
നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിലാണ് പാലം. രണ്ട് മീറ്റർ വീതിയുണ്ട്. ഇരുവശത്തും സ്റ്റെയറുകൾ സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന് മുകളിൽ മേൽക്കൂര സ്ഥാപിക്കുന്നതിനുള്ള ആർച്ചും ഘടിപ്പിച്ചു. പോളി കാർബണൈറ്റ് ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മാണം. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് രാത്രി മാത്രമാണ് നിർമ്മാണം നടക്കുന്നത്. ആറുമാസം മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം ഇടയ്ക്ക് മുടങ്ങിയിരുന്നു.
നിർമ്മാണാനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡിയാണ് ഉടക്കിട്ടത്. മോണോ റെയിലിന്റെ പദ്ധതി പ്രദേശത്താണ് ഫുട്ഓവർ ബ്രിഡ്ജും സ്ഥാപിക്കുന്നത്. ഇത് ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നായിരുന്നു പി.ഡബ്ല്യു.ഡിയുടെ നിലപാട്. തുടർന്ന് പൊളിച്ചുമാറ്റാൻ കഴിയുന്ന തരത്തിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന വ്യവസ്ഥയിൽ പി.ഡബ്ല്യു.ഡി അനുമതി നൽകുകയായിരുന്നു.
മേക്ക് ആൻഡ് ഫിറ്റ് പാലം
ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. പാലത്തിന്റെ ഭാഗങ്ങൾ നിർദ്ദിഷ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർക്കുന്ന 'മേക്ക് ആൻഡ് ഫിറ്റ് ' രീതിയിലാണ് നിർമ്മാണം.
തിരക്കേറിയ റോഡുകളിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പാലം സഹായകരമാകും.
നഗരസഭയ്ക്ക് നയാപൈസയുടെ ചെലവില്ല
ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് നഗരസഭയുടെ ഖജനാവിൽ നിന്ന് ഒരു പൈസപോലും ചെലവില്ല. പദ്ധതി നടത്തിപ്പുകാരായ സൺ ഇൻഫ്രാസ്ട്രക്ചർ തന്നെ നിർമ്മാണച്ചെലവും പരിപാലന ചുമതലയും വഹിക്കും. ഫുട് ഓവർബ്രിഡ്ജിൽ പരസ്യം പതിക്കാൻ കമ്പനിക്ക് അവകാശമുണ്ടാകും. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലാണ് ഇത്തരത്തിൽ ആദ്യം ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിച്ചത്. 2018 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കി ഫുട്ഓവർബ്രിഡ്ജ് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. കിഴക്കേകോട്ടയിൽ ഫുട്ഓവർ ബ്രിഡ്ജിനൊപ്പം അണ്ടർപാസും നിർമ്മിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞമാസം നടന്നു.