ഉള്ളൂർ : മെഡിക്കൽ കോളേജ് - ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം വർദ്ധിക്കുന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം, എസ്.എ.ടി ആശുപത്രി, കോളേജ് പരിസരം, ഒ.പി വിഭാഗം പാർക്കിംഗ് ഏരിയാ എം.ബി.ബി.എസ് ഹോസ്റ്റൽ പരിസരം, നഴ്സിംഗ് കോളേജ് - ഹോസ്റ്റൽ പരിസരം ഉൾപ്പെടെ എല്ലാ പ്രദേശങ്ങളും തെരുവ് നായ്ക്കൾ കീഴടക്കി. നഗരസഭ തെരുവ് നായ്ക്കൾക്കെതിരെ നടപടി സ്വീകരിച്ചതോടെ താത്കാലികമായി കുറഞ്ഞ തെരുവ് നായ ശല്യമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിച്ചത്.
ശല്യം വർദ്ധിച്ചതോടെ ജീവനക്കാരും കാൽനടയാത്രികരും ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. ആശുപത്രിയിൽ വിവിധ സ്ഥലങ്ങളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്നുണ്ട്. മാലിന്യത്തിൽ നിന്നും ഭക്ഷണം കഴിക്കാനാണ് തെരുവ് നായ്ക്കൾ കൂട്ടമായി എത്തുന്നത്. ആശുപത്രി പരിസരത്ത് നിന്നും ജീവനക്കാർ തൂത്ത് കൂട്ടുന്ന മാലിന്യങ്ങൾ പച്ച കവറുകളിൽ കെട്ടി ആശുപത്രി പരിസരത്ത് വിവിധ ഇടങ്ങളിലായി സൂക്ഷിച്ച ശേഷം ഒരുമിച്ചാണ് നീക്കംചെയ്യുന്നത്. കവറുകൾ കടിച്ചുകീറി ഭക്ഷണാവശിഷ്ടങ്ങൾക്കായി തെരയുന്ന തെരുവ്നായ്ക്കൾ പരസ്പരം കടിപിടി കൂടി ജനങ്ങൾക്ക് നേരെ തിരിയുന്നത് നിത്യ സംഭവമായിട്ടുണ്ട്. തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധി പേർ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്.
10 ഡസനോളം തെരുവ് നായ്ക്കളാണു മെഡിക്കൽ കോളേജ് പരിസരത്ത് ഉള്ളത്. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണമെന്ന ആവശ്യവും ശക്തമാണ്.