തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന് വ്യത്യസ്ഥ മാർഗവുമായി രംഗത്തെത്തിയിരിക്കുകയാണ് മാനവീയം തെരുവിടം കൾച്ചർ കളക്ടീവ് ആൻഡ് മാനവീയം സ്ട്രീറ്റ് ലൈബ്രറി കൂട്ടായ്മ. കഴിഞ്ഞദിവസം വൈകിട്ട് 3 മുതലാണ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. കപ്പ-ബീഫ്, കപ്പ-ചിക്കൻ, അപ്പം-ബീഫ്, അപ്പം-ചിക്കൻ, മോമോസ്, ഇല അട, കട്ലറ്റ്, അപ്പം തുടങ്ങിയ രുചിയൂറും വിഭവങ്ങൾ കഴിക്കാൻ നൂറുകണക്കിന് ആൾക്കാർ ഭക്ഷ്യമേളയിലെത്തി.
കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് മേളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും നേതൃത്വം നൽകിയത്. 'ഒരു തെരുവ് ഭക്ഷണത്തിലൂടെ ദുരിതാശ്വാസമാകുന്നവിധം" എന്ന സന്ദേശമുയർത്തിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചതെന്നും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചതെന്നും കൂട്ടായ്മയുടെ ഭാരവാഹി കെ.ജി. സൂരജ് പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും ചലച്ചിത്രഅക്കാഡമിയുടെയും സഹകരണത്തോടെ മാനവീയം വീഥിയിൽ ആരംഭിച്ച 'ഒപ്പം" ദുരിതാശ്വാസ സഹായ സാമഗ്രികളുടെ കളക്ഷൻ സെന്ററിനോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
കൂട്ടായ്മയിലെ അംഗങ്ങളായ കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന അക്ഷയ് സുനിൽ, വിഷ്ണു ഗംഗാധരൻ, ആകാശ് ജെ, അഖിൽ മോഹൻ സി, ഷിനോ സേവ്യർ, സച്ചിൻ ദാസ് തുടങ്ങിയവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും മാജിക്ഷോയും അരങ്ങേറി.