തിരുവനന്തപുരം : പ്രകൃതിക്ഷോഭങ്ങളുടെ ദുന്തരം അനുഭവിക്കുന്നവരെ സഹായിക്കാൻ തലസ്ഥാനത്ത് സാന്ത്വന ഗാനമേളയ്ക്ക തുടക്കമായി. വയലാർ സാംസ്കാരിക വേദിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യ സംഭാവന നൽകി. ഇന്നലെയും ഇന്നുമായി നഗരത്തിലെ വിവിധയിടങ്ങളിൽ ഗായകസംഘം നടത്തുന്ന ഗാനമേളയിലൂടെ ശേഖരിക്കുന്ന അവശ്യസാധനങ്ങൾ നഗരസഭയിലും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും കൈമാറാനാണ് തീരുമാനം. വി.എസ്. ശിവകുമാർ എം.എൽ.എ വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറി എം.ആർ. ജയഗീത, രാമവർമ്മ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രിക, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.