വർണച്ചിറകുള്ള ശലഭങ്ങളെ ആർക്കാണ് ഇഷ്ടമല്ലാത്തത് ഭൂമിയിലെ മുഴുവൻ സൗന്ദര്യവും അവയിലുണ്ട്. ചിത്രശലഭങ്ങളുടെ ജീവിത ചക്രം, പലതരം ചിത്രശലഭങ്ങൾ എന്നിവയെ പരിചയപ്പെടാം. ഷഡ്പദങ്ങളുടെ കുടുംബത്തിലെ അംഗമാണ് ചിത്രശലഭങ്ങൾ. പൂക്കളിലെ തേനാണ് ഇവയുടെ പ്രധാന ഭക്ഷണം. കേരളത്തിൽ ആറളം വന്യജീവി സങ്കേതത്തിലാണ് ചിത്രശലഭങ്ങളെ കൂടുതലായി കാണപ്പെടുന്നത്.
ശലഭം
മുട്ട വിരിഞ്ഞ് നേരിട്ട് ഉണ്ടാകുന്നവയല്ല ചിത്രശലഭങ്ങൾ. നാലു ഘട്ടങ്ങളിലൂടെയാണ് ഇവയുടെ ജീവിതചക്രം പൂർത്തിയാകുന്നത്. ഇങ്ങനെ മുട്ട വിരിഞ്ഞ് പല ഘട്ടത്തിലൂടെ കടന്ന് പൂർണ വളർച്ചയെത്തിയ ജീവി ആവുന്നതിനെ പൂർണ രൂപാന്തരണം എന്ന് പറയുന്നു.
മുട്ട
ശലങ്ങൾ തങ്ങളുടെ മുട്ടകൾ ചെടികളുടെ തളിരിലകൾ, മുകുളങ്ങൾ എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുക. രണ്ട് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിയും.
ഓരോ കുടുംബത്തിലെ ശലഭങ്ങളുടെ മുട്ടകളും വ്യത്യസ്തമായിരിക്കും. ചിലത് ഉരുണ്ടത്, ചിലത് നീണ്ടുരുണ്ടത്, ചിലർ ഒരു മുട്ടയായിരിക്കും നിക്ഷേപിക്കുക. മറ്റു ചിലർ കൂട്ടമായിട്ടായിരിക്കും മുട്ട നിക്ഷേപിക്കുക. സാധാരണയായി പച്ച, മഞ്ഞ നിറങ്ങളിലാണ് ശലഭങ്ങളുടെ മുട്ടകൾ കാണപ്പെടുക.
ശലഭപ്പുഴു
മുട്ട വിരിഞ്ഞുണ്ടാകുന്നതാണ് പുഴു. ഇതാണ് ചിത്രശലഭത്തിന്റെ രണ്ടാംഘട്ടം. മുട്ട വിരിഞ്ഞ് വന്ന പുഴുവിന്റെ ആദ്യ ഭക്ഷണം അതിന്റെ തന്നെ തോടാണ്. അതിനുശേഷമാണ് ഇളം തണ്ടുകളും തളിരിലകളും ഭക്ഷിക്കുക. തുടർച്ചയായി ഇവ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.
പുഴു തന്റെ പുറം തൊലി അഞ്ച് തവണയെങ്കിലും പൊഴിച്ചിരിക്കും. ഓരോ തവണ പുറംതൊലി പൊഴിക്കുമ്പോഴും പുഴുവിന്റെ നിറം മാറി വളർച്ചയിൽ വ്യത്യാസമുണ്ടാവാറുണ്ട്. പുഴു സഞ്ചരിക്കുന്ന വഴിയിൽ നൂലുകൾ ഉണ്ടാവും. സിൽക്ക് ഗ്രന്ഥികൾ വായയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
സമാധി
ശലഭപ്പുഴു പൂർണമായും വളർച്ചയെത്തിയാൽ അതിനടുത്ത ഘട്ടമാണ് സമാധി. സമാധിയുടെ ഘട്ടമെത്തുമ്പോൾ ശരീരത്തിൽ നിന്നുള്ള ദ്രാവകങ്ങൾ, സിൽക്ക് നൂലുകൾ എന്നിവ ചേർന്ന് പുഴുവിനെ വരിഞ്ഞ് കവചം തീർക്കും. കവചം, ദൃഢപ്പെടുന്നതോടുകൂടി ഇതിനകത്ത് പുഴു ഉറങ്ങാൻ തുടങ്ങും. ഇതാണ് സമാധി. ഈ ഘട്ടത്തിലാണ് ചിത്രശലഭത്തിന്റെ ശരീരഘടന പുഴുവിന് കൈവരുന്നത്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഈ സമാധി നീണ്ടുപോകും.
ഇങ്ങനെ സമാധിയിലായ പുഴു രൂപാന്തരണം നടന്നുകഴിഞ്ഞ് പൂർണ ചിത്രശലഭമായി മാറി പറക്കും. ഒരാഴ്ച മുതൽ പതിനഞ്ച് ദിവസം വരെയാണ് സമാധികാല ഘട്ടത്തിന്റെ സമയപരിധി.
ചിത്രശലഭം
പ്രഭാതത്തിലാണ് സമാധിയിലിരിക്കുന്ന പ്യൂപ്പ വിരിഞ്ഞ് ചിത്രശലഭമാക്കുക. സമാധിക്കൂടിനെ കാല് കൊണ്ട് തുറന്നാണ് ശലഭമായി പുറത്ത് വരിക. വിരിഞ്ഞിറങ്ങിയ ശലഭം ഒരു മണിക്കൂറിനുള്ളിലാണ് പറന്നു തുടങ്ങുക.
ശരീരഘടന
മൂന്ന് ഭാഗങ്ങളാണ് ശരീരത്തിനുള്ളത് - തല, ഉരസ്സ്, ഉദരം. തലയിൽ കണ്ണുകളുണ്ടെന്ന കാര്യം അറിയാമല്ലോ.
നമുക്കുള്ളതു പോലെ സാധാരണ കണ്ണുകളല്ല ശലഭങ്ങൾക്കുള്ളത്. സംയുക്ത നേത്രങ്ങളാണ് ഷഡ്പദങ്ങൾക്കുള്ളത് എന്നറിയാമല്ലോ.രണ്ട് സംയുക്ത നേത്രങ്ങളും സാധാരണ നേത്രങ്ങളും ശലഭത്തിനുണ്ട്. ഇവയുടെ ഇടയിലായി രണ്ട് സ്പർശിനികളുണ്ട്. കൂടാതെ തുമ്പിക്കൈ എന്ന് വിളിക്കുന്ന ഒരു അവയവവുമുണ്ട്.മുൻ ചിറകുകളും പിൻ ചിറകുകളും ശലഭത്തിനുണ്ട്. ശരീരത്തിന്റെ മുൻഭാഗത്ത് കാണുന്നവയാണ് മുൻ ചിറകുകൾ. അതിനുശേഷം കാണപ്പെടുന്നതാണ് പിൻചിറകുകൾ. ചിറകുകളിൽ ഞരമ്പുകൾ കാണാം. ഖണ്ഡങ്ങളായാണ് ശരീരം.
വെയിൽ കായും നേരം
ശരീര പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ശലഭങ്ങൾക്ക് വേണമെങ്കിൽ ഇവ വെയിൽ കായണം. കാരണം ചിത്രശലഭങ്ങൾ ശീതരക്ത ജീവികളാണ്. വെയിൽ കായുന്നതോടുകൂടി ശലഭത്തിന്റെ ഞരമ്പുകളിൽ രക്തയോട്ടം കൂടും.
സഹവാസം
ഇരപിടിയൻമാരിൽ നിന്നും രക്ഷ നേടുന്നതിനായി ശലഭ പുഴുക്കൾ ചിലയിനം ഉറുമ്പുകളുമായി സഹകരിക്കാറുണ്ട്. ശലഭപ്പുഴുക്കളുടെ ഗ്രന്ഥികളിൽ നിന്നുള്ള തേനിന് സമാനമായ ദ്രാവകം ഭക്ഷിക്കുന്നതിനായാണ് ഉറുമ്പുകൾ ശലഭപുഴുക്കളുമായി സഹവസിക്കുന്നത്.
നിശാശലഭം
വൈകുന്നേരത്തോടെ പുറത്തുവരുന്നവരാണ് നിശാശലഭങ്ങൾ. ചിത്രശലഭങ്ങളിൽ നിന്നും നിശാശലഭങ്ങളെ വേറിട്ടറിയുന്നതിന് സഹായിക്കുന്നത് അവയുടെ സ്പർശിനികളാണ്. അഗ്രം കറുത്ത, തൂവൽ രൂപത്തിലുള്ള സ്പർശിനികളായിരിക്കും നിശാശലഭങ്ങളുടേത്. ചിറക് വിടർത്തിവച്ചാണ് നിശാശലഭങ്ങൾ വിശ്രമിക്കുക. ചിത്രശലഭങ്ങളോ, ചിറകുകൾ മടക്കിവച്ചാണ് വിശ്രമിക്കുക. ചൊറിച്ചിലുണ്ടാക്കുന്ന രോമങ്ങളാണ് നിശാശലഭങ്ങളുടേത്.
കൂട്ടം ചേരൽ
ആയിരക്കണക്കിന് ശലഭങ്ങൾ കൂട്ടം ചേർന്ന് വിശ്രമിക്കുന്നതിനെയാണ് കൂട്ടംചേരൽ എന്ന് പറയുന്നത്. വയനാട്ടിലെ വനപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കൂട്ടംചേരൽ കാണപ്പെടാറുണ്ടെന്ന് ശലഭ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ഫിറമോണുകൾ ശരീരത്തിൽ നിർമ്മിക്കുന്നതിനാവശ്യമായ ആൽക്കലോയ്ഡുകൾ ചെടികളിൽ നിന്നും വലിച്ചെടുക്കുന്നതിനു വേണ്ടിയാണിവ കൂട്ടം ചേരുന്നത്.
മിമിക്രി
ഇരപിടിയൻ ജീവികളിൽ നിന്ന് ചിത്രശലഭങ്ങൾ രക്ഷപ്പെടാനുപയോഗിക്കുന്ന മാർഗമാണിത്. ഹെൻറി ബേറ്റ്സ് എന്ന ശാസ്ത്രജ്ഞനാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനാലിതിന് ബാറ്റീസിയൻ മിമിക്രി എന്നും വിളിക്കാറുണ്ട്.
അല്പം കുടുംബ കാര്യം
ലെപിഡോപ്ലെറാ എന്ന ഗോത്രമാണ് ചിത്രശലഭങ്ങളുടേത്.
കിളിവാലൻ ശലഭങ്ങൾ
എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന കുടുംബത്തിൽ പെട്ട ചിത്രശലഭമാണിത്. ചെറിയ വാൽ ഇതിന്റെ പിന്നിലുണ്ടാകും. ഇവയ്ക്ക് പൂക്കളെ ഏറെ ഇഷ്ടമാണ്. ഓരോരോ മുട്ടകളായിട്ടാണ് ഇടാറ്. ഈ കുടുംബത്തിലെ ചില ചിത്രശലഭങ്ങളെ നമുക്ക് പരിചയപ്പെടാം.
ഗരുഡശലഭം
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം. നിത്യഹരിത വനങ്ങളാണ് പ്രധാന താമസസ്ഥലമെങ്കിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാറുണ്ട്. മഞ്ഞനിറമാണ് ശരീരത്തിന്. തേൻ കുടിക്കുമ്പോൾ അടയ്ക്കപ്പെടുന്ന ചിറകുകൾ ഇതിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടം, പൂർവഘട്ടത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ചിറക് വിടർത്തിയാൽ 140-190 സെ.മീ ആണ് ചിറകുകൾ തമ്മിലുള്ള അകലം.
നീലക്കുടുക്ക
അരണ മരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു. ചിറകിന് നടുവിലായി നീല കലർന്ന പച്ച നിറത്തിലുള്ള പട്ടയുണ്ട്. ഇത് സൂര്യപ്രകാശത്തിൽ തിളങ്ങുംവിധം വേഗത്തിൽ പറക്കുന്ന ശലഭമാണിത്.
പുള്ളിവാലൻ
ദക്ഷിണേന്ത്യയിൽ കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ശലഭമാണിത്. തവിടുകലർന്ന കറുപ്പ് നിറമാണ് ചിറകുകൾക്ക്. വെളുത്ത പാടുകൾ ചിറകുകളുടെ അരികിൽ കാണപ്പെടുന്നു. കടന്നലുകൾ പ്രധാന ശത്രുക്കളാണ്.
നീലി
ചിത്രശലഭങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭ കുടുംബമാണിത്. ആറായിരത്തോളം ശലഭങ്ങൾ ഈ കുടുംബത്തിൽപ്പെടുന്നു. മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്.
രത്നനീലി
ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭം. പുൽമേടുകൾ, കാടിനോട് ചേർന്ന തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ഇത് താമര, പുളിയില എന്നീ സസ്യങ്ങളിലാണ് മുട്ടയിടുക. ഇതിന്റെ ലാർവകൾക്ക് തവിട്, പച്ചനിറങ്ങളാണ്. 15 മുതൽ 22 മില്ലീമീറ്റർ വരെയാണ് ചിറകുകളുടെ വലിപ്പം.
തുള്ളൻ ചിത്രശലഭങ്ങൾ
വേഗത്തിൽ തുള്ളിച്ചാടി നടക്കുന്നയിനം ചിത്രശലഭങ്ങൾ
പീത -ശ്വേത ചിത്രശലഭങ്ങൾ
വെള്ള, മഞ്ഞ നിറങ്ങളിലുള്ളവയാണ് ഈ ചിത്രശലഭങ്ങൾ. പൂക്കളോട് പ്രിയമുള്ള ചിത്രശലഭം കുടുംബമാണിത്.
ആൽബട്രോസ്
ദക്ഷിണേഷ്യ മുതൽ ആസ്ട്രേലിയവരെ അധിവസിക്കുന്ന ശലഭം. ചിറകിൽ കറുത്ത വരകൾ കാണാം. 60 മുതൽ 74 മി. മീറ്റർ വരെയാണ് ചിറകു വിടർത്തിയാൽ ഇതിന്റെ നീളം.
ചക്കര റോസ്
ഒരു കിളിവാലൻ ചിത്രശലഭമാണിത്. ചക്കരറോസ് എന്നും അറിയപ്പെടുന്നു. ദേശാടനം നടത്തുന്ന ഇതിനെ കേരളത്തിൽ ധാരാളമായി കാണാം. നമ്മുടെ നാട്ടിൻപുറങ്ങളിലും കുറ്റിക്കാടുകളിലും ചിത്രശലഭങ്ങൾ കാണപ്പെടാറുണ്ട്.
നിരീക്ഷിക്കാം ചിത്രശലഭങ്ങളെ
ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നത് രസകരമായ ഒരു പഠനമാണ്. അറിവിനോടൊപ്പം ആഹ്ളാദവും പകരുന്ന ചിത്രശലഭ നിരീക്ഷണം ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള ഒരു ഹോബിയാണ്. ശലഭങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷിക്കാൻ കഴിയണം. ഇതിനായി ഒരു നോട്ട് പുസ്തകം കൂടെ കരുതണം.
ചുറ്റുമുള്ള ചിത്രശലഭങ്ങളും പേരുകൾ പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഇവയുടെ ജീവിതചക്രം നിരീക്ഷിക്കണം. ശലഭത്തെ കണ്ട സമയം, സ്ഥലം എന്നിവയൊക്കെ രേഖപ്പെടുത്തണം. ശലഭത്തിന്റെ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുന്നത് നന്നായിരിക്കും. പരിചയ സമ്പന്നരുടെ സഹായം തേടുന്നത് നല്ലതായിരിക്കും. കാട്ടോരങ്ങൾ, കാട്ടരുവികൾ എന്നിവിടങ്ങളിൽ ചിത്രശലഭങ്ങളെ ധാരാളമായി കാണാം.