kashmir

ന്യൂഡൽഹി: ജമ്മു കാശ്‌മീർ വിഷയത്തിൽ സംസാരിക്കുമ്പോൾ മാന്യത പുലർത്തണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അരമണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തിയതിന് ശേഷമാണ് ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചത്. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ നേതാക്കൾ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്‌താവനകൾ തുടരുന്നുവെന്ന് മോദി ട്രംപിനോട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ട്രംപിന്റെ നിർണായക നീക്കം. ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാൻ ഖാനുമായി ചർച്ച നടത്തുന്നത്.

കാശ്‌മീർ പ്രശ‌്‌നം രമ്യമായി പരിഹരിക്കണമെന്നും നിലവിലെ പ്രശ്‌നങ്ങൾ വഷളാക്കരുതെന്നും ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താ‌വനയിൽ പറഞ്ഞു. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാമെന്ന് ട്രംപ് മോദിക്ക് ഉറപ്പുനൽകുകയും ചെയ്തു. കാശ്‌മീരിൽ നിലവിൽ സങ്കീർണമായ പ്രശ്‌നങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ ഇത് പരിഹരിച്ച് സമാധാനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുനേതാക്കളോടും ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അതേസമയം, അതിർത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയിൽ എന്തൊക്കെ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ട്രംപുമായി സംസാരിച്ചത്. മേഖലയിലെ സമാധാനം തകർക്കുന്നതിന് ചില മാദ്ധ്യമങ്ങളും നേതാക്കളും പ്രവർത്തിക്കുന്നതായും മോദി ചൂണ്ടിക്കാണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിവന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്‌തത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമടക്കം നിയന്ത്രിക്കുകയും ചെയ്‌തിരുന്നു. കാശ്‌മീരിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയെങ്കിലും ഇപ്പോഴും താഴ്‌വര സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ആഗസ്റ്റ് 5 മുതൽ സംസ്ഥാനത്ത് അനിഷ്‌ടങ്ങൾ ഒഴിവാക്കാൻ നാലായിരം പേരെ അറസ്റ്റ് ചെയ്‌തതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുറ്റം ചുമത്താതെയും വിചാരണ ഇല്ലാതെയും ആരെയും രണ്ട് വർഷം വരെ തടവിലാക്കാവുന്ന വിവാദ നിയമമായ പബ്ലിക് സേഫ്‌റ്റി ആക്ട് പ്രകാരമാണ് അറസ്റ്റ്. ശ്രീനഗർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകൾ നിറഞ്ഞതിനാൽ ഇവരിൽ അധികം പേരെയും മിലിട്ടറി വിമാനങ്ങളിൽ കാശ്മീരിന് പുറത്തേക്ക് മാറ്റിയെന്നും വിവരമുണ്ട്. എന്നാൽ കാശ്‌മീർ സമാധാനപരമാണെന്നും തീരുമാനത്തിൽ ജനങ്ങളെല്ലാം തൃപ്‌തരാണെന്നുമാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.