സ്‌കൂൾ പഠനകാലത്ത് അദ്ധ്യാപകരിൽ നിന്നും ശിക്ഷലഭിക്കാത്തവർ വിരളമാണ്. ചൂരൽ കൊണ്ട് അടികിട്ടുന്ന സാറിന്റെ വിഷയങ്ങൾ പഠിക്കുവാൻ പ്രത്യേക താത്പര്യം കാണിച്ചിരുന്നതും സ്‌നേഹത്തെക്കാളുപരി പേടി കൊണ്ടായിരുന്നു എന്നതാണ് വാസ്തവം. എംബോസിഷൻ, ബഞ്ചിൽ കയറ്റി നിർത്തൽ, ചൂരലിനടി,ക്ലാസിന് പുറത്തുനിർത്തൽ തുടങ്ങിയ ലഘു ശിക്ഷകൾക്കും അപ്പുറമാണ് വീട്ടിൽ നിന്നും അച്ഛനെയോ അമ്മയേയോ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന ഉഗ്രശാസനയ്ക്ക്. സാധാരണരീതിയിൽ അപൂർവ്വമായി മാത്രമേ ഇത്തരം കടുത്ത നിലപാടിലേക്ക് പണ്ടുകാലത്ത് അദ്ധ്യാപകർ എത്തിയിരുന്നുള്ളു. കാലം മാറി സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന ബസിന്റെ അകത്തുപോലും ക്യാമറയും, ജി.പി.എസും ഘടിപ്പിച്ച് തങ്ങളുടെ കുട്ടിയുടെ ഓരോനീക്കവും രക്ഷിതാവിന്റെ മൊബൈലിൽ ലൈവായി എത്തിക്കുന്ന ഹൈടെക് സ്‌കൂളുകളുള്ള കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. ഇത്രയേറെ സുരക്ഷ സംവിധാനമില്ലെങ്കിലും സിസിടിവി ക്യാമറയെങ്കിലും ഇല്ലാത്ത സ്‌കൂളുകൾ ഇന്ന് വിരളമാണ്. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ വാങ്ങി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും നിർദ്ദേശങ്ങൾ നൽകുന്നതിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപകർ പോലും മടികാണിക്കാറുമില്ല.
എന്നാൽ ഇത്രയേറെ കാലം പുരോഗമിച്ചിട്ടും ഇപ്പോഴും വീട്ടിൽ നിന്നും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ വിദ്യാർത്ഥികളോട് സ്‌കൂൾ അധികൃതർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് ഡോക്ടർ സി.ജെ.ജോൺ. സങ്കടത്തോടെ ഒരു വിദ്യാർത്ഥി തനിക്കെഴുതിയ കത്തിൽ നിന്നുമാണ് ഇത്തരത്തിലൊരു പോസ്റ്റ് ഫേസ്ബുക്കിൽ അദ്ദേഹം കുറിക്കുവാൻ കാരണമായത്. കുട്ടികളെ നേരായ വഴിക്ക് നടത്തിക്കുവാൻ അവരെ ശാസിക്കുവാൻ മടികാട്ടി വീട്ടുകാരെ കൊണ്ട് അങ്ങനെ ചെയ്യിക്കാനുള്ള കുറുക്കുവഴിയായിട്ടാണ് അദ്ധ്യാപകർ ഇപ്പോഴും ഈ ശിക്ഷാരീതിയെ കാണുന്നത് എന്നും അഭിപ്രായമുണ്ട്. എന്നാൽ സ്‌കൂളിൽ വരണമെന്ന കാര്യം വീട്ടിലറിയിക്കുവാനായി പേടിച്ച് ടെൻഷനടിക്കുന്ന കുട്ടിയേയോ, മനോവീര്യം നഷ്ടമാവുന്ന രക്ഷിതാക്കളെയോ അദ്ധ്യാപകർ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പള്ളിക്കൂടത്തിൽ വിദ്യാർഥികൾ കുരുത്തക്കേട് കാണിച്ചാൽ രക്ഷ കർത്താവിനെ അടുത്ത ദിവസം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകർ ചിലപ്പോൾ പറയാറുണ്ട് .ഈ കാര്യം പറയുമ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ അടി കിട്ടിയെന്നു വരും.അധ്യാപകരുടെ മുമ്പിലെ നാണം കെടലിനുള്ള സ്‌പെഷ്യൽ ശിക്ഷ മുൻകൂറായി നൽകുന്നതാണിത്.യഥാർത്ഥ പ്രശ്നത്തിന് വേറെ കിട്ടും.പണ്ട് അച്ഛനായി കോളേജിലെ മുതിർന്ന കുട്ടികൾ ആരെയെങ്കിലും വേഷം കെട്ടിച്ചു കൊണ്ട് പോകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട് .ഇപ്പോൾ സ്‌കൂളിൽ അത് അത്ര എളുപ്പമല്ല.രക്ഷ കർത്താവിനോടു കാണാൻ വരണമെന്നു ഒരു പെരുമാറ്റ പ്രശ്ന സാഹചര്യത്തിൽ കുട്ടിയോട് തന്നെ പറയുന്നതിൽ ഒരു ശിക്ഷ ഒളിഞ്ഞു കിടപ്പുണ്ട് .ഇത് നടപ്പാക്കും വരെ ചില കുട്ടികളെങ്കിലും ടെൻഷനിലായിരിക്കും.ചിലർ പേടിച്ചു വീട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും പോയ സംഭവങ്ങളുണ്ട്.ഈ വിളിച്ചു വരുത്തലിനു ഒരു വ്യവസ്ഥ നല്ലതാണ്.അധ്യാപകർക്ക് തീർക്കാവുന്ന കേസാണെങ്കിൽ അങ്ങനെ തന്നെ തീരണം.ഏതൊക്കെ സാഹചര്യത്തിൽ ഇത് പോലെ ഒരു വിളിച്ചു വരുത്തൽ ആകാമെന്നതിന് ഒരു സ്‌കൂൾ മാനദണ്ഡം വേണം.എല്ലാ രക്ഷ കർത്താക്കളുടെയും മൊബൈൽ നമ്പർ സ്‌കൂളിൽ ഉള്ള കാലമാണ് .നേരിട്ട് അവരോടു വിളിച്ചു കാണാൻ ആവശ്യപ്പെടാം.കുറ്റപ്പെടുത്തിയും പഴിച്ചുമൊന്നുമല്ല അറിയിക്കേണ്ടത് . കൂട്ടായി പ്രവർത്തിച്ചു കുട്ടിയെ മിടുക്കനാക്കാൻ വേണ്ടിയുള്ള ഒരു കൂടി കാഴ്ചയെന്ന സ്പിരിറ്റിൽ വേണം ഇത്.വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം കുട്ടി വീട്ടിലെത്തുമ്പോൾ അറിഞ്ഞാൽ മതി.തിരുത്താനുള്ള മനോഭാവത്തോടെ എന്താണ് പ്രശ്നമെന്ന് കുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നത് മാതാ പിതാക്കളുടെ മിടുക്ക്.അധ്യാപകരും ആ നിലപാടെടുത്താൽ നല്ല കുട്ടിയായി മാറ്റൽ എളുപ്പമാകും. ഞങ്ങൾക്ക് തല്ലാനോ ചീത്ത പറയാനോ പറ്റാത്തത് കൊണ്ട് അത് മാതാ പിതാക്കളെ കൊണ്ട് ചെയ്യിക്കാമെന്ന ലൈനിൽ ഈ വിളിച്ചു വരുത്തൽ നടപ്പിലാക്കരുത് .മാതാ പിതാക്കളുടെ ആത്മവീര്യം തകർക്കാനും പാടില്ല .ഒരു കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്.ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല എന്ന് കൂടി കുറിക്കുന്നു.