conventional-war

ന്യൂഡൽഹി: കാശ്മീരിലെ പുൽവാമയിൽ ജയ്ഷെ ഇ മുഹമ്മദ് കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.ഫി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാനിലെ ബലാക്കോട്ടിൽ കൃത്യം പന്ത്രണ്ടാമത്തെ ദിവസം വ്യോമസേന ആക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. ഇതിനു തുടർച്ചയായി കരയുദ്ധത്തിന് തങ്ങൾ പൂർണ്ണസജ്ജരാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്.

പാകിസ്ഥാൻ കരയുദ്ധത്തിന് തുനിഞ്ഞാൽ അവരുടെ മണ്ണിൽ കയറി യുദ്ധം ചെയ്യാനും തങ്ങൾ സന്നദ്ധമാണെന്ന് ബിപിൻ റാവത്ത് അറിയിച്ചിരുന്നെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. 40 ജവാന്മാരുടെ ജീവനുപകരം എന്ത് ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആലോചിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വിരമിച്ച കരസേന ഉദ്യോഗസ്ഥരുമായി ബിപിൻ റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യ ചർച്ചയിൽ പങ്കെടുത്തവരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം കരസേന 11,000കോടി വിലവരുന്ന പടക്കോപ്പുകൾ വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു.അതിൽ 95 ശതമാനവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.