കൊലാലംപൂർ: മലേഷ്യൻ ഹിന്ദു പരാമർശം നടത്തിയ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് പൊതുവേദിയിൽ സംസാരിക്കുന്നതിന് മലേഷ്യൻ സർക്കാർ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയും രാജ്യത്തെ മതസൗഹാർദ്ദവും പരിഗണിച്ചാണ് നടപടിയെന്നാണ് മലേഷ്യൻ സർക്കാരിന്റെ വിശദീകരണം. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ 100 മടങ്ങ് കൂടുതൽ അവകാശങ്ങളുണ്ടെന്ന സാക്കിർ നായിക്കിന്റെ പരാമർശമാണ് നടപടിയിലേക്ക് വഴിവച്ചത്. സംഭവത്തിൽ നേരത്തെ സാക്കിർ നായിക്കിനെ വിളിച്ചുവരുത്തിയ മലേഷ്യൻ പൊലീസ് ഏതാണ്ട് 10 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങൾ സാക്കിർ നായിക്കിന്റെ പ്രസംഗം ഞായറാഴ്‌ച തന്നെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും സാക്കിർ നായിക്കിന്റെ പൊതുവേദിയിലെ പ്രസംഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ എത്തിച്ചത്. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഡോ. മഹാതീർ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് നായിക്ക് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയം വിവാദമായത്. സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് സാക്കിർ നായിക്കിന് നൽകിയിരിക്കുന്ന സംരക്ഷണം പിൻവലിക്കുമെന്നും സൂചന നൽകിയിരുന്നു.
2016ൽ തനിക്കെതിരെ എൻ.ഐ.എ കേസ് എടുത്തതിനെ തുടർന്നാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയിൽ ചേക്കേറുന്നത്. തുടർന്ന് മലേഷ്യൻ സർക്കാർ ഇയാൾക്ക് സംരക്ഷണം നൽകിയിരുന്നു. എൻ.ഐ.എ റിപ്പോർട്ടിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സാക്കിർ നായിക്കിനെതിരെ യു.എ.പി.എ ഉപയോഗിച്ച് കേസ് എടുത്തത്. തിരിച്ചറിയാനാകാത്ത നിരവധി സംഘടനകളിൽ നിന്നും സാക്കിർ നായിക്കിന് കോടിക്കണക്കിന് പണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ബംഗ്ലാദേശിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രചോദനമേകിയത് സാക്കിർ നായിക്കിന്റെ പ്രസംഗമാണെന്നും ആരോപണമുണ്ടായിരുന്നു.