വാഹനം ഓടിക്കുന്നത് പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാൽ എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന സ്ത്രീകൾ, തങ്ങൾ പുരുഷന്മാരേക്കാൾ മികച്ച ഡ‌്രൈവർമാരാണെന്നാണ് പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. മറ്റൊരാളെ ആശ്രയിക്കാതെ വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നതിനാൽ താൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ലൈസൻസ് സ്വന്തമാക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയാണ് നടി ശ്രീലക്ഷ്‌മി. തനിച്ച് ദൂരയാത്രകൾ ചെയ്യാൻ തനിക്ക് ഏറെ ഇഷ്‌ടമുണ്ടെന്ന് പറഞ്ഞ നടി തന്റെ വാഹന വിശേഷങ്ങൾ കൗമുദി ടി.വിയുടെ ഡ്രീം ഡ്രൈവിൽ പങ്കുവയ്‌ക്കുന്നു.
ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...
1991ലാണ് താൻ ഡ്രൈവിംഗ് പഠിക്കുന്നത്. ലൈസൻസ് സ്വന്തമാക്കിയെങ്കിലും വാഹനം നിരത്തിലിറക്കി ഓടിക്കാൻ എന്നെ പരിശീലിപ്പിച്ചത് എന്റെ മൂത്തചേട്ടനാണ്. ആദ്യമായി സ്വന്തമാക്കിയ വാഹനം മാരുതി 800ആണ്. പിന്നീട് വിവാഹശേഷം ദുബായിലേക്ക് പോയി. അവിടുത്തെ ലൈസൻസ് സ്വന്തമാക്കി. നാട്ടിലായാലും ദുബായിലായാലും വാഹനത്തിൽ ദൂരയാത്ര ചെയ്യുന്നത് എനിക്ക് വലിയ ഇഷ്‌ടമാണ്. ദുബായിൽ താമസിക്കുമ്പോൾ ആദ്യം സ്വന്തമാക്കിയത് നിസാൻ സണ്ണിയാണ്. പിന്നീട് ഹോണ്ട സിവിക്, സി.ആർ.വി, അക്കോർഡ് എന്നീ വാഹനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ സെറ്റിൽഡ് ആണ്. ഹോണ്ട ജാസ് ആണ് ഉപയോഗിക്കുന്നത്. മഹീന്ദ്രയുടെ എക്‌സ്.യു.വി 300 റെഡ് കളർ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ട്.
യഥാർത്ഥ ജീവിതത്തിൽ വാഹനം ഓടിക്കുമെങ്കിലും സിനിമയിൽ വാഹനം ഓടിക്കുന്ന സീനുകളിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ല. ഒരു സീരിയലിൽ വാഹനം ഓടിക്കുന്ന സീനിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ക്ലൈമാക്‌സിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടുന്ന സീനുണ്ട്. ഈ സീനിൽ അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ഞാൻ ചാടുന്നതായി ഭാവിച്ചപ്പോൾ തൊട്ടപ്പുറത്തുണ്ടായിരുന്ന സഹനടനായ യദുകൃഷ്‌ണൻ എന്റെ കൈയ്യിൽ കയറി പിടിച്ച് രക്ഷിക്കാൻ നോക്കി. ഞാൻ യഥാർത്ഥത്തിൽ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടുന്നതായാണ് യദുവിനും കൂടെയുണ്ടായിരുന്നവർക്കും തോന്നിയത്. അത് നല്ലൊരു അനുഭവമായിരുന്നു. ഇനിയും ലൈസൻസ് എടുത്തിട്ടില്ലാത്ത സ്ത്രീകൾ എത്രയും പെട്ടെന്ന് ഡ്രൈവിംഗ് പഠിച്ച് നിരത്തുകളിലേക്ക് ഇറങ്ങണമെന്നും ശ്രീലക്ഷ്‌മി നിർദ്ദേശിക്കുന്നു.