ഫറൂഖാബാദ്: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ലേബർ റൂമിൽ കിടക്കയില്ലാത്തതിനാൽ ആശുപത്രി വരാന്തയിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ കണ്ണിനെ ഈറനണിയിക്കുകയാണ്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് സംഭവം.
ലേബർ റൂമിൽ കിടക്കയില്ലെന്ന് പറഞ്ഞ് യുവതിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. ശേഷം ആശുപത്രിയിലെ വരാന്തയിൽ പ്രസവിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും. മിനിട്ടുകൾക്കകം ബന്ധുവായ യുവതിയെത്തി കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു. അത് കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷമാണ് അമ്മയേയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റിയത്.
ആശുപത്രിയിലുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ഒരു മാദ്ധ്യമപ്രവർത്തകന് അയച്ച് കൊടുത്തു. മാദ്ധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം ചർച്ചയായി. സംഭവം പുറംലോകത്തെത്തിയതോടെ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 2017ൽ ഈ ആശുപത്രിയിൽ നിന്ന് 49 നവജാത ശിശുക്കൾ മരിച്ചിരുന്നു.