കൊല്ലം: മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. ഒരു എ.എസ്.ഐ, രണ്ട് സി.പി.ഒ, എ.ആർ ക്യാമ്പിലെ ഒരു റിസർവ് പൊലീസുകാരൻ എന്നിങ്ങനെ നാലു പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ആഗസ‌്‌റ്റ് 15ന് പത്തനംതിട്ടയിൽ നിന്നുള്ള മടക്കയാത്രക്കിടയിൽ അര മണിക്കൂറോളം ശൂരനാട് പൊലീസ് പരിധിയിലെ ചക്കുവള്ളിക്കും ഭരണിക്കാവിനുമിടയിൽ മയ്യത്തുംകരയിൽ മന്ത്രി ഗതാഗത കുരുക്കിൽ അകപ്പെട്ടിരുന്നു. പള്ളിക്കലാറ്റിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശൂരനാട്ട് ആരംഭിച്ച രണ്ട് ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം.
ഗതാഗതക്കുരുക്കിന് ഇടയാക്കിയത് വിവാഹം നടന്ന ആഡിറ്റോറിയത്തിന് മുന്നിൽ അലക്ഷ്യമായി പാർക്ക് ചെയ്‌തിരുന്ന കാറാണെന്ന് മന്ത്രിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊലീസുകാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രിക്ക് സുരക്ഷയൊരുക്കണെമെന്ന് അംഗരക്ഷകൻ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചതിനെ തുടർന്ന് ശൂരനാട് പൊലീസ് സ്‌റ്റേഷനിൽ ഫോൺ സന്ദേശം ലഭിച്ചു.
ഈ സമയം രണ്ട് പൊലീസുകാർ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ ജി.ഡി ചാർജ് വഹിച്ചപ്പോൾ രണ്ടാമൻ വയർലസ് സെറ്റിനൊപ്പം പാറാവ് ഡ്യൂട്ടിയും നോക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ ഓഫീസർമാരും മറ്റു പൊലീസുകാരും വ്യാപൃതരായ സാഹചര്യത്തിലായിരുന്നു മന്ത്രിക്ക് അകമ്പടി സേവിക്കാൻ കഴിയാതെ പോയത്. മുൻകൂട്ടി ഔദ്യോഗികമായി വയർലസ് സെറ്റിലൂടെ അറിയിക്കാതെ സമയത്ത് അനൗദ്യോഗികമായി ഫോണിൽ അറിയിച്ചെന്ന പോരായ്‌മയും നടപടിക്ക് വിധേയരായവർ ചൂണ്ടി കാട്ടിയിരുന്നു.
മന്ത്രി നിർദ്ദേശിച്ചതനുസരിച്ച് കൊല്ലം റൂറൽ പൊലീസ് ജില്ലയിലെയും കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്തെയും അച്ചടക്ക നടപടി സംബന്ധിച്ച സെക്ഷനിൽ സസ്‌പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് തയ്യാറായെന്നാണ് വിവരം. എന്നാൽ കുഴപ്പങ്ങൾക്ക് കാരണമായ കാറിന്റെ ഉടമയ്‌ക്ക് കിട്ടിയത് പെറ്റി കേസ് മാത്രം.