parliament

ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും എം.പിമാർക്ക് ഇനിയും താമസസ്ഥലം ഒത്തുകിട്ടിയിട്ടില്ല. പതിനാറാം ലോക്സഭയിൽ അംഗങ്ങളായിരുന്ന മുൻ എംപിമാർ അവരുടെ താമസസ്ഥലം ഒഴിയാത്തതാണ് നിലവിലെ എം.പിമാർക്ക് തലവേദനയാവുന്നത്. ഇതിനെ തുടർന്ന് ലോക്സഭ എം.പിമാർക്ക് ഗസ്റ്റ് ഹൗസുകളിൽ താത്കാലികമായി മുറികളനുവദിച്ച് നൽകിയിരിക്കുകയാണിപ്പോൾ. ഇരുന്നൂറോളം മുൻ എം.പിമാരാണ് ഇനിയും വീടൊഴിയാൻ മടികാണിക്കുന്നത്. ഡൽഹിയോട് എന്നന്നേയ്ക്കുമായി വിടപറയുവാൻ മടിക്കുന്ന ഇവർ ചെല്ലും ചെലവുമില്ലാതെ സർക്കാർ വക ജീവിതം ഇനിയും തുടരാമെന്ന സ്വപ്നത്തിലാണ്.

എന്നാൽ ഇവരെ തുരത്തി താമസസ്ഥലം വീണ്ടെടുത്ത് എം.പിമാർക്ക് നൽകാൻ പതിനെട്ടാമത്തെ അടവ് തന്നെ പ്രയോഗിക്കാനൊരുങ്ങുകയാണ് ലോക്സഭാ ഹൗസിങ് കമ്മിറ്റി. ഇതിനായി കുടിയൊഴിത്ത മുൻ എം.പിമാരുടെ ബംഗാളാവിലേക്കുള്ള ജല വൈദ്യുത കണക്ക്ഷൻ വിച്ഛേദിക്കുവാനാണ് തീരുമാനം.മൂന്ന് ദിവസത്തിനകം ഈ കടുത്ത ഒഴിപ്പിക്കൽ നടപടിയിലേക്ക് അധികൃതർ കടക്കും. അതിനുശേഷം ഒരാഴ്ചകൂടി സമയം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ പിരിച്ചുവിട്ടാൽ ഒരു മാസത്തിനകം പെട്ടിയുമെടുത്ത് ജനപ്രതിനിധി സർക്കാർ വക താമസസ്ഥലം ഒഴിയണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ചില മുൻ എം.പിമാരുടെ ചിന്ത ഇക്കൂട്ടത്തിൽ തോറ്റ മുൻ എം.പിമാരും ഉണ്ടെന്നതാണ് ഏറെ കൗതുകം.