mamta

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം പ്രതിപക്ഷത്തെ ചില പാർട്ടികളുടെയെങ്കിലും കണ്ണ് തുറപ്പിച്ചുവെന്ന് വേണം കരുതാൻ. 2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറിനെ രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയുന്ന ദീദീ കോ ബോലോ എന്ന പരിപാടി മമതാ ബാനർജി സംഘടിപ്പിച്ചിരുന്നു. ഇത്തവണ കുറച്ചുകൂടി കടന്ന് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാണ് മമതയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഹൗറയിലെ തെരുവുകളിലേക്ക് ഇറങ്ങിച്ചെന്ന മമതാ ബാനർജി ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞു. 400 പേർ താമസിക്കുന്ന കോളനിയിൽ ആകെ ഉണ്ടായിരുന്നത് 2 ടോയ്‌ലറ്റുകളാണെന്ന് നാട്ടുകാർ പരാതി പറഞ്ഞതോടെ മമതയുടെ വിധം മാറി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അടുത്ത് വിളിച്ച് ശാസിച്ച മമത എത്രയും പെട്ടെന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചു.

തീർന്നില്ല സംഭവം, ചേരിയിലെ സന്ദർശനത്തിന് ശേഷം മമത പോയത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന്. ഇതിൽ പങ്കെടുത്ത വകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിമിനെ അടുത്ത് വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകാനും മമത മറന്നില്ല. 400 പേർക്ക് ആകെയുണ്ടായിരുന്നത് രണ്ട് ടോയ്‌ലറ്റുകളാണെന്ന് ചൂണ്ടിക്കാട്ടി മമത ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ചേരി വികസനത്തിന് വേണ്ട പണം സർക്കാർ അനുവദിക്കുന്നുണ്ട്, ആരാണ് അവിടുത്തെ കൗൺസിലർ? അയാളെന്താണെന്ന് ചെയ്യുന്നത്? ഇക്കാര്യങ്ങൾ അന്വേഷിച്ച് പറയണമെന്നും മമത നിർദ്ദേശിച്ചു. പക്ഷേ ഇക്കാര്യങ്ങൾക്ക് യോഗത്തിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്. പ്രദേശത്തെ മുൻസിപ്പൽ കൗൺസിലർ തൃണമൂൽ കോൺഗ്രസ് അംഗമാണെന്നും കൊലപാതകക്കേസിൽ 2017 മുതൽ ഇയാൾ ജയിലിലാണെന്നുമായിരുന്നു മറുപടി.

കൗൺസിലർ ജയിലിലാണെങ്കിലും അവിടുത്തെ മുൻസിപ്പൽ കൗൺസിലിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമില്ലേ എന്നായിരുന്നു മമതയുടെ മറുചോദ്യം. ഏഴ് ദിവസത്തിനുള്ളിൽ താൻ വീണ്ടും ചേരി സന്ദർശിക്കുമെന്നും അപ്പോൾ കാര്യങ്ങളെല്ലാം വെടിപ്പായിരിക്കണമെന്നും മമത ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി. 400 പേർ രണ്ട് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്ന സാഹചര്യം സ്വന്തം വീടുകളിൽ ഉണ്ടാകുന്ന സ്ഥിതിയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും മമത ചോദിച്ചു. അതേസമയം, ചേരിപ്രദേശങ്ങളിലെ മമതയുടെ മിന്നൽ സന്ദർശനം ഇനിയും തുടരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.


തൃണമൂലിന്റെ കോട്ടയായ ബംഗാളിൽ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 18 സീറ്റ് നേടിയിരുന്നു. ഇത് മമതയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. തുടർന്നാണ് പ്രശാന്ത് കിഷോറിനെ തങ്ങളുടെ പ്രചരണതന്ത്രം ഏൽപ്പിക്കാൻ തൃണമൂൽ തീരുമാനിച്ചത്. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോർ മമതയ്‌ക്കൊപ്പം എത്തുന്നത്. ഇപ്പോൾ നടന്നത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്ലാൻ അനുസരിച്ചുള്ള അഭിനയം മാത്രമായിരുന്നുവെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ എന്തുതന്നെയായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളോട് കൂടുതൽ അടുക്കുന്നത് ബി.ജെ.പിയെ ചെറുക്കാൻ മമതയെ തുണയ്‌ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.