ഷിംല: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യരും സംഘവും ഹിമാചലിൽ കുടുങ്ങി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും സംഘം കുടുങ്ങിയത്. ഹിമാചൽപ്രദേശിലെ ഛത്രുവിലാണ് സംഘമുള്ളത്. രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് സംഘാംഗങ്ങൾക്കിടയിൽ അവശേഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രി സാറ്റലൈറ്റ് ഫോൺ വഴി മഞ്ജുവുമായി സംസാരിച്ചിരുന്നുവെങ്കിലും കൃത്യമായി ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സഹോദരൻ മധു വാര്യർ പ്രതികരിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്നും മധു വ്യക്തമാക്കി.
വിനോദ സഞ്ചാരികൾ ഉൾപ്പടെ ഇരുന്നൂറോളം പേർ ഉൾപ്പെടുന്ന സ്ഥലത്താണ് മഞ്ജുവും സംഘവും കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹിമാചലിൽ കനത്ത മഴയാണ് പെയ്‌തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 574 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.