ആഗസ്‌റ്റ് 20 ന് കേരളകൗമുദി മുഖപ്രസംഗം പേജിൽ മന്ത്രി ജി.സുധാകരൻ എഴുതിയ 'മേഘമറ' എന്ന കവിത വായിച്ചു. സ്‌നേഹം ഗാണ്ഡീവമാണെന്ന പ്രത്യയശാസ്ത്രബോധം ധർമപക്ഷത്തുനിന്നും തൊടുത്തുവിടുന്ന ഉഗ്രത. കവിതയെ കേവലക്രിയയ്‌ക്ക് വിട്ടുകൊടുക്കാതെ പ്രതിഷേധത്തിന്റെ ഉൾക്കനലുകൾ നിറച്ച് നഗ്നസത്യങ്ങളെ തുറന്നുകാട്ടാൻ പര്യാപ്‌തപ്പെടുത്തിയ പാഠം.
എത്ര സൂക്ഷ്‌മതയോടെയാണ് വിമർശനത്തിന്റെ ആഗ്‌നേയങ്ങളെ കവി തെളിയിച്ചെടുക്കുന്നത്. സമകാലിക കേരളത്തിന്റെ ഭൂപടം വരച്ച് ന്യായാന്യായങ്ങൾ വേർതിരിച്ചെടുക്കാനുള്ള ആഹ്വാനവും ഉണ്ട്. ഒളിയമ്പുകളും കപടവേദാന്തങ്ങളും ഏത് കടുംകവചങ്ങളെ കൂട്ടുപിടിച്ചാലും അജയ്യമായ മർത്യരാശിയുടെ ധിഷണയ്‌ക്കു മുൻപിൽ തകർന്നടിയുമെന്ന് കവിത പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുന്നു. കനിവിന്റെ ഉറവകൾ കെടുത്തി, സ്വാർത്ഥമേഘങ്ങളിൽ അന്തിയുറങ്ങുന്ന അരാഷ്ട്രീയ മീമാംസകരുടെ ദന്തഗോപുരങ്ങൾക്കു മേൽ ഒരു ചാട്ടുളിയാകുന്നു മേഘമറ.
മാനവരാശിക്കു വേണ്ടിയല്ലാത്ത ഒരു പ്രയത്നവും ശാശ്വതമല്ലെന്നും അതിന്റെ ലോകം എച്ചിൽപ്പറമ്പിലാണെന്നും തുറന്നെഴുന്ന ആർജവം .
''നാളെ പ്രളയം മറയും പ്രപഞ്ചം നേരേ ചിരിക്കും
മനുഷ്യൻ ചിരിക്കും '
എത്ര ആത്മാർഥതയോടെയാണ് ഇവിടെ പ്രത്യാശ കൊത്തിവെച്ചിട്ടുള്ളത്. മനുഷ്യ പക്ഷത്തുനിലയുറപ്പിച്ച ഒരു സ്വാതന്ത്ര്യവാദിയുടെ പ്രജ്ഞാ വിശാലമായ ആകാശം ഇതിൽ പൂത്തുനിൽപ്പുണ്ട്. മേഘകവചത്തിനുള്ളിൽ മറഞ്ഞുനിന്ന് ആരെയും എയ്‌തുവീഴ്‌ത്താൻ വെമ്പൽ കൊള്ളുന്നവർക്കെതിരെ തടശ്ശിലകൾ തീർത്ത് കരുത്തുകാട്ടാൻ മുദ്രാവാക്യം ഉയർത്തുമ്പോഴും നേർവരയിലെത്താൻ മോഹമുള്ളവർക്ക് ഈ കവിത ഒരു ചെറുചാല് തുറന്നിടുന്നു;
' കനിവിന്നുറവയടഞ്ഞവർക്കിപ്പോഴുമുണ്ട് സ്‌നേഹിക്കാനവസരം '.
മേഘമറ ഒന്നും പറഞ്ഞു നിറുത്തുന്നില്ല, ഓർത്തുവയ്‌ക്കാൻ ചിലത് ചൂണ്ടിക്കാട്ടിയും മനുഷ്യനന്മയെ പാടിപ്പുകഴ്‌ത്തിയും ഘോരശിരസുകളെ കരുതിയിരിക്കണമെന്ന് ആഹ്വാനം ചെയ്‌തും ആഴമുള്ള തീവ്രതയോടെ, അർത്ഥമുള്ള അടയാളങ്ങളോടെ കവിത സമഗ്രത കൈവരിക്കുന്നു.
അഭിനന്ദനങ്ങൾ
പുന്നപ്ര ജ്യോതികുമാർ.
ഫോൺ : 9446080 600