കൊച്ചി : കഴിഞ്ഞ കുറച്ചുമാസങ്ങളായി വാഹനവിപണി കടുത്ത മാന്ദ്യത്തിലാണ്. പെട്രോൾ ഡീസൽ വിലയിലെ വർദ്ധനവും, വരാനിരിക്കുന്ന ഇലക്ട്രിക് വാഹനയുഗത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടുതുടങ്ങിയതുമാണ് വാഹന വിപണിയുടെ ഇപ്പോഴത്തെ കഷ്ടകാലത്തിന് കാരണമായി കണക്കാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും ഇലക്ട്രിക് വാഹനങ്ങളെ സ്വാഗതം ചെയ്തുകൊണ്ടു വാരിക്കോരി നികുതി ഇളവുകളടക്കം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നു. ഇതിനുപുറമേ നോട്ട് നിരോധനത്തിന്റെ അനന്തര ഫലമായിട്ടാണ് വാഹനവിപണിയിലെ മാന്ദ്യമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഇഷ്ടവാഹനം സ്വന്തമാക്കണമെന്ന് മനസിൽ ആശകൂട്ടിയിട്ടുള്ളവർക്ക് സന്തോഷമുള്ള വാർത്തയാണ് വാഹനവിപണിയിൽ നിന്നും കേൾക്കുന്നത്.
വാഹനവിപണിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി വൻ ഓഫറുകൾ നൽകാനൊരുങ്ങുകയാണ് വാഹന നിർമ്മാതാക്കൾ. സാധാരണയായി ദീപാവലി ആഘോഷവേളയിലാണ് രാജ്യത്ത് വാഹനവിപണിയിൽ വൻവിറ്റഴിക്കൽ നടക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതും ഈ സമയത്താണ്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വൻ ഓഫറുകൾ നൽകാൻ വാഹന നിർമ്മാതാക്കൾ ഒരുങ്ങുകയാണ്. കേരളത്തിൽ ഓണക്കാലം അടുത്തതിനാൽ വിപണിയിലേക്കൊഴുകുന്ന കോടികളിൽ നല്ലൊരു പങ്ക് ഒരു പക്ഷേ വാഹനങ്ങൾ വാങ്ങുന്നതിനായി ചിലവഴിച്ചേക്കാം.
ഇന്ത്യയിലെ ഒന്നാമത്തെ കാർനിർമ്മാണ കമ്പനിയായ മാരുതി അവരുടെ ഏറ്റവും വിൽപ്പനയുള്ള മോഡലായ ഡിസയർ വിൽക്കുന്നത് 50000 രൂപ ഡിസ്‌കൗണ്ട് നൽകിയാണ്, ഇതിനുപുറമേ ഇരുപതിനായിരം രൂപയോളം മറ്റുവിധത്തിലും ലാഭിക്കാനാവും. മറ്റു മോഡലുകളായ സ്വിഫ്റ്റിനും ബലോനോയ്ക്കും 60000 രൂപയ്ക്കുമേൽ ഡിസ്‌കൗണ്ട് നൽകുന്നു. മാരുതിയുടെ ചുവട് പിടിച്ച് മറ്റ് വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡലുകൾക്ക് വിലക്കുറച്ചിട്ടുണ്ട്. 55,000 രൂപ മുതൽ 80,000 രൂപ വരെയാണ് ടാറ്റാ മോട്ടേഴ്സ് നൽകുന്ന ഡിസ്‌കൗണ്ട്. ഹുണ്ടായിയും നാൽപ്പതിനായിരം രൂപയ്ക്കു മുകളിൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബോണസും, മുൻകൂർ ശമ്പളവുമെല്ലാം ചേർത്തുവച്ചാൽ ഇഷ്ടവാഹനം വീട്ടിലെത്തിക്കാൻ ഈ ഓണക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.