news

1. യു.എന്‍.എ അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണം എന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ക്രൈം എ.ഡി.ജി.പിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ജാസ്മിന്‍ ഷായുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ല എന്ന് കോടതിയുടെ ചോദ്യം. ജാസ്മിന്‍ ഷാ ഒളിവില്‍ അല്ല എന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
2. ഉരുള്‍ പൊട്ടല്‍ നാശം വിതച്ച മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 46 മൃതദേഹങ്ങള്‍. ഇനി 13 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങളുടെയും ഫയര്‍ഫോഴ്സ് സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആണ് തിരച്ചില്‍ നടത്തുന്നത്. ഇവിടെ ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
3. പുത്തുമലയിലും അഞ്ച് പേരെ കൂടി കണ്ടെത്തേണ്ടത് ഉണ്ട്. പുത്തുമലയില്‍ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്‍ നടക്കുക. ദുരന്ത മേഖലയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറിയാണ് സൂചിപ്പാറ. തിരച്ചില്‍ ഇങ്ങോട്ട് മാറ്റിയത് പുത്തുമലയില്‍ അപകടത്തില്‍ പെട്ടവര്‍ മലവെള്ളപാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്ന്. പ്രദേശത്ത് ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയ തിരച്ചില്‍ വിജയിച്ചിരുന്നില്ല.
4. 29 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിയ ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്ന ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുക എന്നത് പിന്നിട്ടത്, രാവിലെ 9.02 ഓടെ. നിര്‍ണായഘട്ടം വിജയകരം എന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.


5. ജൂലൈ 22 ന് ആയിരുന്നു ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തില്‍ ആണ് ചന്ദ്രയാന്‍ രണ്ട് പ്രവേശിച്ചത്. ചന്ദ്രനെ ചുറ്റാന്‍ ആരംഭിക്കുന്ന ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണ പഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് എത്തിക്കും. സെപ്റ്റംബര്‍ ഒന്നാം തീയതിയോടെ ഈ പ്രക്രിയ പൂര്‍ത്തിയാകും.
6. സെപ്റ്റംബര്‍ ആറിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡറും ചന്ദ്രയാന്‍-2 ഓര്‍ബിറ്ററും വേര്‍പെടും. ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപറ്റംബര്‍ ഏഴിന് ആയിരിക്കും അതിനിര്‍ണായകം ആയ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. സെപറ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ.
7. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.
8. കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കാശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് ഉള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു. കാശ്മീരിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിന് ഇരു രാജ്യങ്ങളും നടപടി സ്വീകരിക്കണം എന്ന് ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു.
9. കാശ്മീര്‍ വിഷയിത്തിന് ഒപ്പം ഇന്ത്യ- അമേരിക്ക വ്യാപാര തര്‍ക്കവും ഇരുവരും ചര്‍ച്ച ചെയ്തു. പാകിസ്താന്‍, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നില നിര്‍ത്തുന്നതിന് എതിരാണ് എന്ന് മോദി പറഞ്ഞു. ഇതിന് പിന്നാലെ ജമ്മു കാശ്മീരിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് സൗമ്യമായ രീതിയില്‍ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വഷളാവുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളേയും ബോധ്യപ്പെടുത്തുകയും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
10. തനിക്ക് എതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര. ഇന്ന് പരാതി പൊലീസിന് നല്‍കും. അപവാദ പ്രചാരണം നടക്കുന്നത് മാദ്ധ്യമ പ്രവര്‍ത്തകര്‍ മഠത്തില്‍ എത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച്. വീഡിയോ പ്രചരിപ്പിച്ചത്, മാനന്തവാടി രൂപത പി.ആര്‍.ഒ ടീം അംഗമായ വൈദികന്‍ എന്നും സിസ്റ്റര്‍ ലൂസി.
11. കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെ എത്തുകയും ചെയ്തിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.
12. ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തിരക്കിയതും. ഇങ്ങനെ മാദ്ധ്യമ പ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്ക്ക് എതിരെ അപവാദം പ്രചരിപ്പിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രചാരണം.തന്നെ പൂട്ടിയിട്ടത്, കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ എന്നും അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായത് എന്നും സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ത്തിയിരുന്നു.