ന്യൂഡൽഹി : രാജ്യത്തെ പ്രതിരോധ മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുവാൻ പൊതുമേഖലാ ആയുധ നിർമ്മാണശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഘടന തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നവണ്ണം ഒരു മാസത്തെ സമരപരിപാടികളാണ് തൊഴിലാളി സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്. നാൽപ്പത്തിയൊന്ന് ആയുധ നിർമ്മാണശാലകളിലെ തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ നാഷണൽ ഡിഫൻസ് വർക്കേഴ്സ് ഫെഡറേഷൻ, ഭാരതീയ പ്രതിരക്ഷാ മസ്ദൂർ സംഘ്, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളിൽ അംഗങ്ങളായ എൺപതിനായിരത്തിന് മുകളിലുള്ള തൊഴിലാളികളാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്.
പ്രതിരോധ മേഖലയിൽ സ്വകാര്യവത്കരണ നടപടികൾ സ്വീകരിക്കാനുള്ള കേന്ദ്രനയം രാജ്യരക്ഷയ്ക്ക് അപകടമാണെന്ന വാദമാണ് തൊഴിൽ സംഘടനകൾക്കുള്ളത്. അതേസമയം സ്വകാര്യ ആയുധ നിർമ്മാതാക്കൾക്ക് സർക്കാരിന്റെ പരീക്ഷണസംവിധാനങ്ങൾ നൽകുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതൽ കരുത്തുനൽകുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം നൽകുന്ന വിശദീകരണം.