ladoo

ലഖ്നൗ: അവിഹിത ബന്ധത്തിന്റെ പേരിലും,​ സ്ത്രീധനത്തിന്റെ പേരിലുമൊക്കെയുള്ള വിവാഹ മോചനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലഡുവിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെടുന്നതിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ?​ അത്തരത്തിലൊരു സംഭവത്തിനാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ല ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ വില്ലനായത് മധുരപ്രിയരുടെ ഇഷ്ടവിഭവമായ ലഡുവാണ്. ഭാര്യ കഴിക്കാൻ ലഡു മാത്രമേ നൽകുന്നുള്ളുവെന്നാണ് ഭർത്താവിന്റെ പരാതി. ഒരു മന്ത്രവാദിയുടെ സ്വാധീനത്തിലാണിതെന്ന് ഇയാൾ ആരോപിക്കുന്നു.

ഇതേത്തുടർന്ന് തനിക്ക് വിവാഹ മോചനം വേണമെന്ന ആവശ്യവുമായി ഇയാൾ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യ നാല് വീതം ലഡുവാണ് രാവിലെയും വൈകീട്ടും കഴിക്കാൻ തരുന്നത്. ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണിത്. അതിനിടയിൽ മറ്റെന്തെങ്കിലും കഴിക്കാൻ ഭാര്യ അനുവദിക്കില്ലെന്ന് ഹർജിയിൽ പറയുന്നു.

' ആ സ്ത്രീയുടെ അന്ധവിശ്വാസത്തിന് ഞങ്ങളുടെ കയ്യിൽ ചികിത്സയില്ല. വേണമെങ്കിൽ ഞങ്ങൾ ദമ്പതികളെ കൗൺസിലിംഗിനായി വിളിക്കാം. ലഡു കഴിക്കുന്നതിലൂടെ തന്റെ ഭർത്താവിന് നല്ലത് വരുമെന്ന് ആ സ്ത്രീ ഉറച്ചു വിശ്വസിക്കുന്നുണ്ട്'- കൗൺസിലർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.