hibi-eden

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഹിമാചലിൽ കുടുങ്ങിയ മഞ്ജുവാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടെന്ന് ഹൈബി ഈഡൻ എം.പി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അനുരാഗ് താക്കൂർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

നടൻ ദിലീപാണ് ഈ വിവരം തന്നെ വിളിച്ച് അറിയിച്ചതെന്നും മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും ഹൈബി ഈഡൻ കുറിച്ചു. മഞ്ജുവും സംഘവും സുരക്ഷിതരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.