സൂപ്പർതാര പരിവേഷങ്ങൾക്കപ്പുറം മലയാളികൾ ഹൃദയത്തോട് ചേർത്തു വച്ച നടന്മാർ നിരവധിയുണ്ട്. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്‌ക്കാനാകാത്ത വിധം അഭിനയിച്ച് പ്രേക്ഷകനെ വിസ്‌മയിപ്പിക്കുന്ന കലാകാരന്മാർ. ആ ഒരു നിരയിൽ മുന്നിൽ തന്നെയാണ് നടൻ വിജയരാഘവൻ. വില്ലൻ, നായകൻ. ഹാസ്യതാരം തുടങ്ങി കൈയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഭദ്രമാണ് ഈ നടനിൽ.
മികച്ച നടൻ എന്നതിലുപരി ഒരു നല്ല വീട്ടുകാരൻ കൂടിയാണ് വിജയരാഘവൻ. കൗമുദി ടിവിയുടെ 'ഡേ വിത്ത് എ സ്‌റ്റാറിൽ' അതിഥിയായി എത്തിയ അദ്ദേഹം താരപരിവേഷങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണക്കാരനായി മാറുകയായിരുന്നു. തന്റെ കുടുംബ വിശേഷങ്ങൾക്കൊപ്പം 100 വർഷം പഴക്കമുള്ള തന്റെ വീടിന്റെ വിശേഷങ്ങളും പങ്കുവച്ചു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തറവാട് പ്രശസ്‌ത സാഹിത്യകാരൻ ഗുപ്‌തൻ നായരുടെതായിരുന്നുവെന്ന് വിജയരാഘവൻ പറയുന്നു. പ്രായിൽ മഠം എന്നാണ് വീടിന്റെ പേര്. പിന്നീട് പലരിൽ നിന്നും കൈമാറിയാണ് തന്നിലേക്ക് എത്തിയത്. നേരത്തെ ഒരു വൈദ്യശാല ആയിരുന്നതുകൊണ്ടുതന്നെ തൊടിയിൽ നിരവധി ഔഷധ സസ്യങ്ങളും കാണാം. ചെമ്പകം, അങ്കോനം, ഇലഞ്ഞി തുടങ്ങി കായകൽപ ചികിത്സയിലെ സുപ്രധാന ഘടകമായ ചമതവരെയുണ്ട്.
വീടിനോടു ചേർന്നുള്ള സർപ്പക്കാവും നന്നായി പരിപാലിക്കപ്പെടുന്നുണ്ട്. വീട്ടിൽ സ്ഥിരതാമസമില്ലാത്തതു കൊണ്ടുതന്നെ വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് കാവിൽ പൂജ നടത്താറുണ്ടെന്നും താരം പറയുന്നു. ഏറെ പഴക്കമുള്ള വീട് തനിമ നിലനിറുത്തികൊണ്ട് പുതുക്കി പണിയുകയാണ്.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം-