psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ പ്രതികൾക്ക് എസ്.എം.എസ് വഴി ഉത്തരം അയച്ചുനൽകിയ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം ഗോകുൽ മുങ്ങി. പൊലീസുകാരനായ ഗോകുൽ പരീക്ഷ തുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് മുതൽ സന്ദേശം അയച്ച് തുടങ്ങിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാൾ ജോലിക്ക് ഹാജരാവുന്നില്ല. എന്നിട്ടും നടപടി എടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം. കേസിൽ പ്രതിയായിട്ടും ഇതുവരെ ഇയാളിൽ നിന്ന് വിശദീകരണംപോലും അധികൃതർ ചോദിച്ചിട്ടില്ല. വകുപ്പുതല നടപടിയിലേക്കും കടന്നിട്ടില്ല. അതിനിടെയാണ് അന്വേഷണ സംഘത്തെ സമർത്ഥമായി കബളിപ്പിച്ച് ഇയാൾ ഒളിവിൽ പോയത്.

അതേസമയം, ഇയാളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കേസ് ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്. പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ രണ്ടാം റാങ്കുകാരൻ പ്രണവ്, ഗോകുലിനെ കൂടാതെ ഉത്തരങ്ങൾ കൈമാറിയ വി.എസ്.എസ്.സി കരാർ ജീവനക്കാരൻ സഫീർ എന്നിവരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരും ഒളിവിലാണെന്നാണ് വിവരം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗോകുലിനും സഫീറിനും അന്വേഷണ സംഘം സമൻസ് നൽകിയെങ്കിലും പ്രതികരണമില്ല. കല്ലറയിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിൽ പ്രണവിനൊപ്പം ഒരുമിച്ച് പരിശീലനത്തിലേർപ്പെട്ടവരാണ് ഗോകുലും സഫീറും. 2015ലെ പി.എസ്.സി പരീക്ഷയിൽ 199 ാം റാങ്കുകാരനായിരുന്നു ഗോകുൽ. അതേസമയം, കേസിൽ സംശയ നിഴലിലുള്ളവരുടെ ഒരുവർഷത്തെ ഫോൺ കോളുകളും ടവർ ലൊക്കേഷനുകളും സൈബർ പൊലീസ് സഹായത്തോടെ പരിശോധിച്ചുവരികയാണെന്നും പരമാവധി തെളിവുകൾ സമാഹരിച്ചശേഷമേ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകൂവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

എന്നാൽ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നതെങ്ങനെയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. വിവിധ സെന്ററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾ കൂടിയായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവർക്ക് ബി സിരീസിലെ ചോദ്യപേപ്പറുകളാണ് ലഭിച്ചത്. ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് പി.എസ്.സി ജീവനക്കാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

പരീക്ഷ തുടങ്ങി പതിനഞ്ച് മിനിട്ടുകൾക്കകം ഒരു രഹസ്യ കേന്ദ്രത്തിലിരുന്ന് സഫീർ ഉത്തരങ്ങൾ അടങ്ങിയ 90 സന്ദേശങ്ങളാണ് ശിവരഞ്ജിത്തിനും കൂട്ടുകാർക്കും അയച്ചത്. പൊലീസുകാരനായ ഗോകുൽ പരീക്ഷ തുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് മുതൽ സന്ദേശം അയച്ച് തുടങ്ങി. ഗോകുലിന്റെയും സഫീറിന്റെയും മൊബൈൽ ഫോണുകളും ഒരു ലാപ് ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഏഴ് പൊലീസ് ബറ്റാലിയനിലെയും റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരുടെ പരീക്ഷാസമയത്തെ മൊബൈൽ ഫോൺ വിശദാംശങ്ങളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

അന്വേഷണസംഘം കഴിഞ്ഞ ദിവസം ജയിലിലെത്തി ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്യാൻ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ആലോചിക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടി ക്രമങ്ങളും ഇതുവരെ ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടില്ലെന്നാണ് വിവരം.