കൊച്ചി: ഉത്‌സവകാലത്തോട് അനുബന്ധിച്ച് റീട്ടെയിൽ വായ്‌പകൾക്ക് കുറഞ്ഞ പലിശനിരക്കും പ്രോസസിംഗ് ഫീസിൽ ഇളവും ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ എസ്.ബി.ഐ പ്രഖ്യാപിച്ചു. കാർ വായ്‌പകൾക്ക് പ്രോസസിംഗ് ഫീസിൽ ഇളവ് ലഭിക്കും. കാർ വായ്‌പകൾക്ക് 8.70 ശതമാനം മുതലാണ് പലിശനിരക്ക്. പലിശനിരക്കിൽ വർദ്ധനയുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്.
ബാങ്കിന്റെ ഡിജിറ്റൽ സംവിധാനമായ 'യോനോ" മുഖേനയോ വെബ്‌സൈറ്റ് വഴിയോ കാർ വായ്‌പ എടുക്കുന്നവർക്ക് പലിശയിൽ 0.25 ശതമാനം അധിക ഇളവ് ലഭിക്കും. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കാറിന്റെ ഓൺ-റോഡ് വിലയുടെ 90 ശതമാനം വരെ വായ്‌പ ലഭിക്കും. 20 ലക്ഷം രൂപവരെയുള്ള വ്യക്തിഗത (പേഴ്ഡസണൽ) വായ്‌പകൾ 10.75 ശതമാനം പലിശനിരക്കിലും തിരിച്ചടവിന് ആറുവർഷത്തെ കാലാവധിയിലും ലഭ്യമാണ്. ഇത്, ഇ.എം.ഐയുടെ ബാദ്ധ്യത കുറയാൻ സഹായകമാണ്.
സാലറി അക്കൗണ്ടുള്ളവർക്ക് 'യോനോ" വഴി പ്രീ-അപ്രൂവ്ഡ് ഡിജിറ്റൽ വായ്‌പ വെറും നാല് ക്ളിക്കുകളിലൂടെ നേടാം. വിദ്യാഭ്യാസ വായ്‌പകൾക്ക് 8.25 ശതമാനം മുതലാണ് പലിശനിരക്ക്. ഇന്ത്യയിൽ പഠിക്കാൻ 50 ലക്ഷം രൂപവരെയും വിദേശ പഠനത്തിന് 1.50 കോടി രൂപവരെയും വായ്‌പ ലഭിക്കും. വായ്‌പാ ഇടപാടുകാർക്ക് തിരിച്ചടവിന് 15 വർഷം വരെ കാലാവധിയും എസ്.ബി.ഐ ലഭ്യമാക്കുന്നുണ്ട്. ഇ.എം.ഐയിലെ അധിക ബാദ്ധ്യതയിൽ നിനന് ഇതുവഴി ആശ്വാസം നേടാനാകും.
ഭവന വായ്‌പയ്ക്ക്
8.05% പലിശ
നിലവിൽ ഭവന വായ്‌പകൾ റിപ്പോ നിരക്കിന് അധിഷ്‌ഠിതമായി 8.05 ശതമാനം പലിശനിരക്കിൽ എസ്.ബി.ഐ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് സെപ്‌തംബർ ഒന്നുമുതൽ ഈ പദ്ധതി ലഭ്യമാണ്.
ഡെബിറ്റ്
കാർഡുകളേ വിട!
'യോനോ" വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുകയും ഡെബിറ്റ് കാർഡുപയോഗം ഇല്ലാതാക്കുകയും ചെയ്യാനുള്ള ഉദ്യമത്തിലാണ് എസ്.ബി.ഐ. ഇക്കാര്യം ചെയർമാൻ രജനീഷ് കുമാർ വ്യക്തമാക്കിയിട്ടുമുണ്ട്. നിലവിൽ 68,000 യോനോ ക്യാഷ്‌പോയിന്റുകൾ എസ്.ബി.ഐയ്ക്കുണ്ട്. വൈകാതെ ഇത് പത്തുലക്ഷമായി ഉയർത്തും. അതോടെ, പ്ളാസ്‌റ്റിക് കാർഡ് (ഡെബിറ്റ് കാർഡ്) ഉപയോഗം കുറയ്‌ക്കാനാകുമെന്ന് രജനീഷ് കുമാർ പറഞ്ഞു. നിലവിൽ 90 കോടി ഡെബിറ്റ് കാർഡുകളാണ് ഇന്ത്യയിലുള്ളത്. മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമുണ്ട്.