കോഴിക്കോട്: ഓണച്ചന്തകളിൽ സബ്സിഡി നിരക്കിലുള്ള അരി കിട്ടില്ലെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓണച്ചന്തകളിൽ അരിക്കും നിത്യോപയോഗ സാധനങ്ങൾക്കും ക്ഷാമമുണ്ടാവില്ല. ആവശ്യമായതിന്റെ 70 ശതമാനവും ഗോഡൗണിൽ എത്തിക്കഴിഞ്ഞു. ആന്ധ്ര ജയ അരി സപ്ളൈ ചെയ്യാൻ നാല് കമ്പനികൾക്കാണ് ടെൻഡർ നൽകിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അരി എത്തിക്കാൻ സാധിക്കില്ലെന്ന് ഈ സ്ഥാപനങ്ങൾ അറിയിച്ചപ്പോൾ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടുകയും സ്ഥാപനങ്ങളെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പ് നൽകി. ഇതോടെ രണ്ട് സ്ഥാപനങ്ങൾ പിന്മാറി.
ശേഷിച്ച രണ്ട് സ്ഥാപനങ്ങൾക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കകം നിലപാട് മാറ്റിയില്ലെങ്കിൽ ആന്ധ്രയിലെ മില്ലുകളിൽ നിന്ന് നേരിട്ട് അരി വാങ്ങുകയും ഇതിന് ചെലവഴിക്കേണ്ടി വരുന്ന അധിക തുക സ്ഥാപനത്തിൽ നിന്ന് ഈടാക്കുകയും ചെയ്യും. സ്ഥാപനങ്ങൾ പിന്മാറിയാലും അരി ലഭ്യമാക്കാൻ എല്ലാ ബദൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഈ വർഷം സംസ്ഥാനത്തൊട്ടാകെ 3500 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. പ്രളയം കണക്കിലെടുത്ത് മലയോരം, പുഴയോരം, കടലോരം, ആദിവാസി മേഖല എന്നിവിടങ്ങളിലാണ് മുൻഗണന നൽകുന്നത്. 13 ഇനങ്ങൾ ഉള്ള 30 ലക്ഷം ഓണക്കിറ്റുകൾ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ സി. സുരേഷ് ബാബുവും പങ്കെടുത്തു.