ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ - 2 ദൗത്യത്തിലെ നിർണായക നേട്ടമായി ശാസ്‌ത്രജ്ഞർ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 9.02നാണ് ഭ്രമണപഥം ചന്ദ്രന് ചുറ്റിലുമായി ക്രമപ്പെടുത്തിയത്.
ബംഗളൂരുവിലെ ഡീപ് സ്പേസ് സ്‌റ്റേഷനിലെ ശാസ്‌ത്രജ്ഞരെ ഉത്കണ്ഠയുടെ മുൾമുനയിൽ നിറുത്തിയ അരമണിക്കൂർ ദൗത്യമായിരുന്നു അത്. ചന്ദ്രന് നേർക്ക് കുതിച്ചു കൊണ്ടിരുന്ന പേടകത്തെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് നിയന്ത്രിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചന്ദ്രനോട് 114 കിലോമീറ്റർ അടുത്തും 18,072 കിലോമീറ്റർ അകലെയുമായുള്ള ഭ്രമണപഥത്തിലാണ് പേടകം.
''അരമണിക്കൂർ ഞങ്ങളുടെ ഹൃദയം മിക്കവാറും നിലച്ചു പോയി'' എന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഇന്ന് ഉച്ചയ്‌ക്ക് 12. 30നും 1.30നും ഇടയ്‌ക്ക് ഭ്രമണപഥം വീണ്ടും ചന്ദ്രനോട് അടുപ്പിക്കും. ഈ മാസം 28, 30 തീയതികളിലും സെപ്‌തംബർ 1നും ഇത് ആവർത്തിക്കും. ഓരോ തവണയും ഭ്രമണപഥം ചെറുതാക്കി പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിന്റെ സ്ഥിരം സഞ്ചാരപഥം ഇവിടെയായിരിക്കും.
സെപ്തബർ 7ന് പുലർച്ചെ 1.55നാണ് പ്രജ്ഞാൻ റോവറുമായി വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മെല്ലെ ഇറങ്ങുന്നത്. ഈ പതിനഞ്ച് മിനിറ്റ് 'ഭീകര നിമിഷങ്ങൾ' ആയിരിക്കുമെന്നും ശിവൻ പറഞ്ഞു.
നിർണായക ഘട്ടങ്ങൾ
ഓർബിറ്ററിൽ നിന്ന് വേർപെടുന്ന ലാൻഡർ ചന്ദ്രനെ ഭ്രമണം ചെയ്യും
30 കിലോമീറ്റർ അടുത്തും 100 കിലോ മീറ്റർ അകന്നുമുള്ള ഭ്രമണപഥം
30 കിലോമീറ്ററിൽ എത്തുമ്പോൾ ചന്ദ്രനിലേക്കുള്ള ഇറക്കം
10 മിനിറ്റിൽ ചന്ദ്രനിൽ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിൽ
89 സെക്കൻഡിൽ ചന്ദ്രന് 400 മീറ്റർ മുകളിൽ
12 സെക്കൻഡ് ചന്ദ്രോപരിതലം സ്‌കാൻ ചെയ്യും
ലാൻഡ് ചെയ്യാൻ പറ്റിയ സ്ഥലം പരിശോധിക്കും
66 സെക്കൻഡിൽ ചന്ദ്രന് 100 മീറ്റർ മുകളിൽ
25 സെക്കൻഡ് വീണ്ടും സ്കാനിംഗ്
സ്ഥലം സുരക്ഷിതമാണോ എന്ന് വിലയിരുത്തും
ഓ.കെയെങ്കിൽ 65 സെക്കൻഡിൽ 10 മീറ്റർ ഉയരത്തിൽ എത്തും.
സ്ഥലം ശരിയല്ലെങ്കിൽ 40 സെക്കൻഡിൽ രണ്ടാമത്തെ സ്ഥലത്തിന് 60 മീറ്റർ ഉയരത്തിൽ എത്തും
25 സെക്കൻഡിൽ 10 മീറ്റർ ഉയരത്തിൽ എത്തും.
10 മീറ്ററിൽ നിന്ന് കുത്തനെ ലാൻഡിംഗ്
13 സെക്കൻഡ് ആണ് ലാൻഡിംഗ് സമയം
അഞ്ച് റിട്രോ റോക്കറ്റുകൾ ജ്വലിപ്പിച്ച് വേഗത നിയന്ത്രിക്കും
ലാൻഡറിന്റെ നാല് കാലുകൾ ചന്ദ്രനിൽ തൊടും
സെൻസറുകൾ റോക്കറ്റുകൾ ഓഫാക്കും
15 മിനിറ്റിന് ശേഷം വിക്രം ഭൂമിയിലേക്ക് ചിത്രങ്ങൾ അയയ്‌ക്കും
നാല് മണിക്കൂറിന് ശേഷം ലാൻഡറിൽ നിന്ന് റോവർ പുറത്തിറങ്ങും
റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങും.