ബംഗളൂരു: കർണാടകയിൽ മൂന്നാഴ്ചത്തെ ഏകാംഗ ഭരണത്തിന് പരിസമാപ്തി കുറിച്ച് ഇന്നലെ ബി.ജെ.പി സർക്കാരിൽ പുതുതായി 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്രൻ എച്ച്. നാഗേഷ് ഉൾപ്പെടെയുള്ള മന്ത്രിസഭയിൽ ജോലെ ശശികല അണ്ണാ സാഹിബാണ് ഏക വനിതാ അംഗം. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ.ഇ. ഈശ്വരപ്പ, ജി.എം. കരജോൾ, ഡോ. അശ്വത് നാരായൺ .സി.എൻ, എൽ.എസ്. സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി. രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി. മധുസ്വാമി, സി.സി. പാട്ടീൽ, പ്രഭു ചൗഹാൻ എന്നിവർ ഗവർണർ വാജുഭായി വാലയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. രാവിലെ പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു. ജൂലായ് 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭാ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം. ശനിയാഴ്ച വൈകിട്ടോടെ യെദിയൂരപ്പയുമായി നടന്ന ചർച്ചയ്ക്കൊടുവിൽ മന്ത്രിമാരുടെ പട്ടികയ്ക്ക് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ അംഗീകാരം നൽകുകയായിരുന്നു.