ഉത്സവകാല ഓഫറായി വാഹന വിലയുടെ 95% വായ്‌പ
കൊച്ചി: ഫെഡറൽ ബാങ്ക് അതിവേഗ വാഹന വായ്‌പാ പദ്ധതി അവതരിപ്പിച്ചു. വായ്‌പാ അപേക്ഷയും രേഖകളും ഓൺലൈനായി സ്വീകരിച്ച്, പരിശോധിച്ച് മണിക്കൂറുകൾക്കകം വായ്‌പ അനുവദിക്കും. ബാങ്കിന്റെ മുംബയ്, എറണാകുളം എന്നിവിടങ്ങളിലെ ശാഖകളിലാണ് പദ്ധതി അവതരിപ്പിച്ചത്. വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുൻകാല വായ്‌പാ ഇടപാടുകളും കൃത്യമായി അതിവേഗം പരിശോധിക്കാനുള്ള നിർമ്മിത ബുദ്ധി (എ.ഐ) അധിഷ്‌ഠിത സംവിധാനത്തോടെയാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷിയും അതിവേഗത്തിൽ പരിശോധിക്കാനാകും. ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ) ശാലിനി വാര്യരാണ് പദ്ധതി അവതരിപ്പിച്ചത്. ഈ വായ്‌പാ പദ്ധതിയിലൂടെയുള്ള ആദ്യ വാഹനം ശാലിനി വാര്യർ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മേധാവി രാഹുൽ ജെയ്‌ൻ എന്നിവർ ചേർന്ന് കൈമാറി.
ഉത്സവകാല ഓഫറായി മാരുതി, ഹ്യുണ്ടായ് എന്നിവയുടെ മോഡലുകൾക്ക് ഓൺ-റോഡ് വിലയുടെ 95 ശതമാനം വരെ വായ്‌പയായി നൽകുമെന്ന് ഫെഡറൽ ബാങ്ക് കേരള ഹെഡ്ഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസഡന്റുമായ ജോസ് കെ. മാത്യു പറഞ്ഞു. ഫെഡറൽ ബാങ്ക് ഡിജിറ്റൽ വിഭാഗം മേധാവി പി.വി. ജിതേഷ് ചടങ്ങിൽ സംബന്ധിച്ചു.