p-chidambaram-

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ ചിദംബരത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യകത സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബോധിപ്പിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെ സി.ബി.ഐ സംഘം ചിദംബരത്തിന്റെ വസതിയിൽ എത്തിയത് ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കാനെന്ന് ശ്രുതി പരന്നിരുന്നു. എന്നാൽ സി.ബി.ഐ സംഘം പിന്നീട് ഇവിടെനിന്ന് മടങ്ങി.

കഴിഞ്ഞ വർഷം മേയ് 31 നാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സംരക്ഷണം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ പ്രതിസന്ധിയിലാക്കി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും നീക്കുന്നതായി കോടതി അറിയിച്ചു.

ഉത്തരവിനെതിരെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽചിദംബരവുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന അഭിഭാഷകരായ സൽമാൻ ഖുർഷിദും അഭിഷേക് മനു സിംഗ്‌വിയും ചർച്ചകളിൽ പങ്കെടുത്തു.

ചിദംബരത്തിനെതിരെ അന്വേഷണം നടത്താൻ സി.ബി.ഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്.

ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്. ചിദംബരത്തിന്റെ മകൻ കാർത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസിൽ കാർത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. കാർത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സി.ബി.ഐ നിലപാട്.